|

'നാണക്കേട്'; മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കോഴിക്കോട്ടെ പരിപാടിയിക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് കമല്‍ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കോഴിക്കോട് നടക്കുന്ന സി.പി.ഐ.എമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കമല്‍ഹാസന്‍. മുഖ്യമന്ത്രി പിണറായി വിജയനെപ്പം തമിഴ് നടനും പങ്കെടുക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ തന്നെ പരിപാടിയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും അതിനാല്‍ പങ്കെടുക്കില്ലെന്നും താരം അറിയിച്ചു.

ട്വിറ്ററിലൂടെയായിരുന്നു താരം തന്നെ ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. “നാണക്കേട്, കേരള മുഖ്യമന്ത്രിയ്‌ക്കൊപ്പം കോഴിക്കോട് നടക്കുന്ന പരിപാടിയ്ക്ക് എന്നെ ക്ഷണിച്ചിട്ടില്ല. ഒക്ടോബറിലെ എല്ലാ ശനിയാഴ്ച്ചകളിലും ഞാന്‍ ബിഗ് ബോസിലുണ്ടാകും. എന്തായാലും പരിപാടിയ്ക്ക് എല്ലാ ആശംസകളും.” എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

നേരത്തെ തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കി കൊണ്ട് കമല്‍ഹാസന്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിടുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തു വന്നത്.


Also Read:  ദല്‍ഹി സര്‍വകലാശാലയിലും അടിതെറ്റി; എ.ബി.വി.പിയെ തകര്‍ത്ത് എന്‍.എസ്.യു.ഐയുടെ ശക്തമായ തിരിച്ചുവരവ്


കലുഷിതമായ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കമല്‍ഹാസന് രംഗ പ്രവേശനത്തിലുള്ള എല്ലാ സാഹചര്യങ്ങളും ഒരുങ്ങി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനവും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച എന്നതും ശ്രദ്ധേയമാണ്.