ചെന്നൈ: ദ്രാവിഡ രാഷ്ട്രീയം കുഴഞ്ഞ് മറിയുകയാണ്. മുഖ്യമന്ത്രിയാകുമെന്ന ശശികലയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധമറിയിച്ച് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം രംഗത്തെത്തിയതോടെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂപപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ മൗനം പാലിക്കുന്ന സഹതാരങ്ങളോട് മൗനം വെടിഞ്ഞ് രംഗത്തെത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കമല്‍ഹാസന്‍.
മൗനം വെടിഞ്ഞ് തങ്ങളുടെ നിലപാട് ഉറക്കെ വിളിച്ച് പറയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് താരം. നടനും സുഹൃത്തുമായ മാധവനുള്ള ട്വീറ്റിലാണ് ഉലകനായകന്‍ ആഹ്വാനവുമായി രംഗത്തെത്തിയത്.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ച് സംസാരിക്കൂ. ഈ രാഷ്ട്രീയ നീക്കങ്ങളെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? മോശപ്പെട്ട രാഷ്ട്രീയത്തിന് വഴങ്ങാത്ത ശബ്ദമാണ് നമ്മളുടേത്. അഭിപ്രായമെന്തായാലും ദയവ് ചെയ്ത് അത് ഉറക്കെ പറയൂ. എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.
കമലഹാസന്റെ ട്വീറ്റ് ശശികല നടരാജന്റെ നീക്കങ്ങള്‍ക്ക് എതിരാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയുണ്ടായിരുന്നു. താരത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആരോപണമുണ്ടായിരുന്നു.
എന്നാല്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടില്ലെന്നും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ പറയുന്നു എന്ന് കരുതി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നര്‍ത്ഥമില്ലെന്നും കമലഹാസന്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.