സ്വാഭാവിക അഭിനയത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയത് മലയാളത്തിലെ നടന്മാരാണെന്ന് കമല്‍ഹാസന്‍. നെടുമുടി വേണു, ശങ്കരാടി, ഭരത് ഗോപി എന്നിവര്‍ക്കൊന്നും പകരക്കാരില്ലായെന്നും, അതുപോലെ തന്നെയാണ് ഫഹദ് ഫാസിലെന്നും അദ്ദേഹം പറഞ്ഞു.
വിക്രം സിനിമയില്‍ ഫഹദിന്റെ അഭിനയം കണ്ടപ്പോള്‍ കൊതി തോന്നിയെന്നും ആ സിനിമയുടെ വിജയത്തിന്റെ ഒരു കാരണം ഫഹദാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘അറുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ പലപ്പോഴും സംഭവിച്ച കാര്യം തന്നെയാണ് വിജയവും പരാജയവുമെല്ലാം. എല്ലാ സിനിമകളും വലിയ വിജയമാകുമെന്ന് നമ്മള്‍ കരുതും. പക്ഷേ, പലപ്പോഴും അങ്ങനെ സംഭവിച്ചില്ലെന്ന് വരാം. അതുപോലെ ഒരിക്കലും ഒരു സിനിമ കനത്ത പരാജയമേറ്റ് വാങ്ങുമെന്നും നമ്മള്‍ക്ക് പറയാനാവില്ല. എന്നാലും സാമ്പത്തികമായി വിക്രം എന്നെ കൈപിടിച്ചുയര്‍ത്തിയെന്ന് പറയാന്‍ എനിക്ക് ഒരു മടിയുമില്ല. ഈ സിനിമ എനിക്ക് നേടിത്തന്ന സാമ്പത്തിക സുരക്ഷിതത്വം സിനിമക്കുവേണ്ടിത്തന്നെ ഞാന്‍ വിനിയോഗിക്കും.
അല്ലാതെ വലിയ മാളുകള്‍ കെട്ടിപ്പൊക്കില്ല. ഒരു കാര്യംകൂടി ഞാന്‍ പറയാം, സിനിമയില്‍ ഞാന്‍ ഇന്നും ഒരു വിദ്യാര്‍ത്ഥിയാണ്. ആ മനസാണ് എന്നെ പുതിയ പരീക്ഷണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. പ്രതിസന്ധികളെ അതിജീവിക്കാനും കഠിനാധ്വാനം ചെയ്യാനുമുള്ള മനസുമായി മരണം വരെ ഞാന്‍ സിനിമയിലുണ്ടാകും.
നാച്വറല്‍ ആക്ടിങ്ങില്‍ എന്നെ അത്ഭുതപ്പെടുത്തിയ നടന്മാര്‍ മലയാളത്തില്‍ നിന്നുള്ളവരാണ്. നെടുമുടി വേണുവിനും ശങ്കരാടിക്കും ഭരത് ഗോപിക്കും കൊട്ടാരക്കര ശ്രീധരന്‍ നായര്‍ക്കുമൊന്നും പകരക്കാരില്ല. അതുപോലെ തന്നെയാണ് ഫഹദിന്റെ ആക്ടിങ്. സൂക്ഷ്മാഭിനയം എന്ന് വിളിക്കാവുന്ന ടാലന്റ്. ഫഹദിന്റെ അഭിനയം കാണുമ്പോള്‍ കൊതി തോന്നും. വിക്രം സിനിമയുടെ വലിയ വിജയങ്ങളിലൊരു കാരണം ഫഹദാണ്. ഇനി നമുക്ക് വേണ്ടതും ഇങ്ങനെയുള്ള ആര്‍ട്ടിസ്റ്റുകളാണ്,’ കമല്‍ഹാസന്‍ പറഞ്ഞു.
അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഈ വര്‍ഷം തിയേറ്ററിലെത്തിയ സിനിമയാണ് വിക്രം. നരേന്‍, സൂര്യ, വിജയ് സേതുപതി തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിലുണ്ടായിരുന്നു. ബോക്‌സ് ഓഫീസില്‍ വലിയ കളക്ഷന്‍ റെക്കോഡുകള്‍ സൃഷ്ടിക്കാനും വിക്രത്തിന് കഴിഞ്ഞു.
content highlight: kamalhasan talks about fahad fasil’s acting