'കേരളത്തെപ്പറ്റി എനിക്ക് അഭിമാനം തോന്നുന്നു'; സഹജീവികളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളത്തിലെന്നും കമല്‍ഹാസന്‍
Kerala News
'കേരളത്തെപ്പറ്റി എനിക്ക് അഭിമാനം തോന്നുന്നു'; സഹജീവികളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളത്തിലെന്നും കമല്‍ഹാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st March 2018, 10:09 am

ചെന്നൈ: കേരളത്തെ വാനോളം പ്രശംസിച്ച് തെന്നിന്ത്യന്‍ താരം കമല്‍ഹാസന്‍. കേരളത്തിലെ മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ റോബോട്ടുകളെ രംഗത്തിറക്കുന്ന സര്‍ക്കാര്‍ പദ്ധതി അഭിനന്ദിക്കേണ്ടതു തന്നെയാണെന്നാണ് കമല്‍ പറഞ്ഞത്.

സഹജീവികളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനായി മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ റോബോട്ടുകളെ രംഗത്തിറക്കുന്ന കേരളസര്‍ക്കാര്‍ നടപടി ഉചിതമാണ്. ഇന്ത്യയ്ക്കു തന്നെ അഭിമാനമാകുന്ന പ്രവൃത്തിയാണ് കേരളസര്‍ക്കാരിന്റെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ റോബോട്ട് ശുചീകരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഇതോടെ മാന്‍ഹോളിലിറങ്ങി തൊഴിലാളികള്‍ അപകടകരമായി ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയും.

സ്റ്റാര്‍ട്ട്അപ് കമ്പനിയായ ജെനോബിബോട്ടിക്സാണ് ഇതിനുള്ള റോബോട്ടുകളെ വികസിപ്പിക്കുന്നത്. വൈഫൈ, ബ്ലൂ ടൂത്ത്, കണ്‍ട്രോള്‍ പാനലുകള്‍ എന്നിവ റോബോട്ടിനുണ്ടാകും. മാലിന്യം ശേഖരിക്കുന്നതിനു ഒരു ബക്കറ്റ് സിസ്റ്റവും റോബോട്ടിലുണ്ടാകും

ബാന്‍ഡാറൂഡ് എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയില്‍ തന്നെ 5000 മാന്‍ഹോളുകളാണ് ലക്ഷ്യം വയ്ക്കുന്നത്.