ഏകാധിപത്യത്തിലേക്കുള്ള വഴി; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് കമല്‍ഹാസന്‍
national news
ഏകാധിപത്യത്തിലേക്കുള്ള വഴി; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് കമല്‍ഹാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd September 2024, 12:55 pm

ചെന്നൈ: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍. പദ്ധതി നടപ്പാക്കുന്നത് രാജ്യത്തിന് അപകടമാകുമെന്നും നടപ്പിലാക്കിയ പല രാജ്യങ്ങളും അതിന് ഉദാഹരണമാണെന്നും അതിനാല്‍ ഇന്ത്യക്ക് ഇത് ആവശ്യമില്ലെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി. മക്കള്‍ നീതി മയ്യം ജനറല്‍ അസംബ്ലി മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ നടക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കമല്‍ഹാസന്റെ പരാമര്‍ശം.

രാജ്യത്ത് ഒരു പേര് മാത്രം ഉയര്‍ന്നുവരാനും ഒരു വിഷയം മാത്രം ചര്‍ച്ച ചെയ്യാനും രാജ്യം ഏകാധിപത്യത്തിലേക്കെത്താനും ഈ പദ്ധതി കാരണമാവുമെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.

മക്കള്‍ നീതി മയ്യത്തിന്റെ ജനറല്‍ അസംബ്ലി മീറ്റിങ്ങില്‍വെച്ച് അദ്ദേഹത്തെ പാര്‍ട്ടി ചെയര്‍മാനായി വീണ്ടും തെരഞ്ഞടുക്കുകയും ചെയ്തു.

2014-2015 കാലഘട്ടങ്ങളില്‍ ഇതുപോലെ ഒരേ സമയം തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ രാജ്യം ഏകാധിപത്യത്തിലേക്കെത്തുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യക്ക് അപകടകരമാണ്. യൂറോപ്പിലെ പല രാജ്യങ്ങളും ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു. അതിന്റെ അടയാളങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. വോട്ടര്‍മാര്‍ക്ക് ചിന്തിക്കാനും തെരഞ്ഞെടുക്കാനും ഉചിതമായ അവസരം നല്‍കണം,’ കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ഇന്ത്യയില്‍ നടപ്പാക്കുന്നതിനായി വിഷയത്തെ കുറിച്ച് പഠിക്കാന്‍ മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ കമ്മീഷനെ കേന്ദ്രം നിയോഗിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു.

ലോക്‌സഭയിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2029ല്‍ രണ്ട് സഭകളിലേക്കുമായി ഒരു തെരഞ്ഞെടുപ്പാവാമെന്ന് രാംനാഥ് കോവിന്ദ് സമിത് ശുപാര്‍ശ നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് തന്നെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. മൂന്നാം എന്‍.ഡി.എ സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയതിന്റെ സമ്മേളനത്തിലായിരുന്നു അമിത്ഷായുടെ പ്രഖ്യാപനം.

നിലവില്‍ ബി.ജെ.പിക്ക് കേവലഭൂരിപക്ഷമില്ലാതെ പാര്‍ലമെന്റില്‍ ബില്ല് പാസാക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ ശുപാര്‍ശയിലുള്ള വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: KAMALHASAN criticize one nation one election scheme