| Monday, 6th April 2020, 3:05 pm

നോട്ട് നിരോധനത്തില്‍ സംഭവിച്ച അതേ പിഴവ് ആവര്‍ത്തിക്കുമോ എന്ന് ഭയക്കുന്നു'; കേന്ദ്രം ലോക് ഡൗണ്‍ നടപ്പാക്കിയത് ആസുത്രണം ഒട്ടുമില്ലാതെയെന്നും കമല്‍ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നോട്ട് നിരോധനത്തില്‍ സംഭവിച്ച അതേ പിഴവ് ലോക് ഡൗണിന്റെ കാര്യത്തിലും സംഭവിക്കുമോ എന്ന് താന്‍ ഭയപ്പെടുന്നുവെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിലാണ് കമല്‍ഹാസന്‍ തന്റെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്.

” നോട്ട് നിരോധനത്തില്‍ സംഭവിച്ച പിഴവ് അതിനേക്കാള്‍ വലിയതോതില്‍ ആവര്‍ത്തിക്കുമോ എന്നതാണ് എന്റെ ഏറ്റവും വലിയ പേടി. നോട്ട് നിരോധനം പാവപ്പെട്ടവരുടെ സമ്പാദ്യവും ജീവനോപാധിയും ഇല്ലാതാക്കിയപ്പോള്‍ ഒട്ടും ആസൂത്രണമില്ലാത്ത ഈ ലോക് ഡൗണ്‍ ജീവനും ജീവനോപാധിയും ഇല്ലാതാക്കുന്ന മാരകമായ ഒരു അവസ്ഥയിലേക്കാണ് നമ്മളെ നയിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

താങ്കളുടെ ലോകം ബാല്‍ക്കണിയില്‍ പ്രകാശം പരത്തുമ്പോള്‍ പാവപ്പെട്ട മനുഷ്യര്‍ അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഭൂരിഭാഗം വരുന്ന പാവപ്പെട്ട മനുഷ്യരെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് ബാല്‍ക്കണിയില്‍ ഉള്ളവര്‍ക്ക് വേണ്ടിമാത്രം പ്രവര്‍ത്തിക്കുന്ന ഒരു ബാല്‍ക്കണി സര്‍ക്കാര്‍ ആകാന്‍ താങ്കള്‍ ആഗ്രഹിക്കുന്നില്ല എന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

ലോക് ഡൗണിന്റെ കാര്യത്തില്‍ മോദിയുടെ ദീര്‍ഘവീക്ഷണം പിഴച്ചതായും കമല്‍ഹാസന്‍ പറഞ്ഞു.

ഇത്തവണ തന്നെ ദേശവിരുദ്ധന്‍ എന്നു വിളിക്കാന്‍ ആരെയാണെങ്കിലും വെല്ലുവിളിക്കുന്നെന്നും  ഈ പ്രതിസന്ധിയെ നേരിടുന്നതില്‍ പിഴവ് സംഭവിച്ചാല്‍ ജനങ്ങളെ കുറ്റം പറയാന്‍ പറ്റില്ലെന്നും സര്‍ക്കാറിനാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധരണഗതിയിലുള്ള ജീവിതം നയിക്കാനും സുരക്ഷയ്ക്കും വേണ്ടിയാണ് ജനങ്ങള്‍ സര്‍ക്കാറിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more