| Saturday, 18th May 2019, 5:16 pm

ഹിന്ദു എന്ന വാക്ക് വിദേശ സംഭാവന; മുഗള്‍ കാലത്തിന് മുന്‍പ് ഈ വാക്ക് ഇന്ത്യയിലുണ്ടായിരുന്നില്ല: കമല്‍ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണെന്ന പരാമര്‍ശത്തിന് പിന്നാലെ ഹിന്ദു എന്ന വാക്ക് വിദേശ ഭരണാധികള്‍ കൊണ്ട് വന്നതാണെന്നും ഇന്ത്യയുടേത് അല്ലെന്നും ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. മുഗള്‍ കാലത്തിന് മുന്‍പ് ഹിന്ദു എന്ന വാക്ക് ഇന്ത്യയിലുണ്ടായിരുന്നില്ലെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

ഹിന്ദുവെന്ന പേര് ഇന്ത്യയില്‍ കൊണ്ടു വന്നത് മുഗള്‍ ഭരണാധികാരികള്‍ ആയിരുന്നു. പിന്നീട് എത്തിയ ബ്രിട്ടീഷുകാര്‍ അതിനെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്.അഞ്ച് മുതല്‍ പത്ത് വരെ നൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്ന ഭക്തിപ്രസ്ഥാന കവികളായ ആള്‍വാറുകളുടെയോ ശൈവനായന്മാരുടെയോ കൃതികളില്‍ ഒരിടത്തും ഹിന്ദു എന്ന പരാമര്‍ശമില്ല.

സ്വന്തമായി ഇന്ത്യ എന്ന അസ്തിത്വമുള്ളപ്പോള്‍ വിദേശികള്‍ തന്ന പേര് സ്വന്തമാക്കുകയും അത് മതത്തിന് ഇടുകയും ചെയ്യേണ്ട ആവശ്യമെന്താണ്? ഒന്നിച്ച് നിന്നാല്‍ ഒരുകോടി മെച്ചമുണ്ടാക്കാമെന്ന പഴഞ്ചൊല്ല് ഇനിയും തമിഴ്മക്കളോട് പറയേണ്ടതുണ്ടോയെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, ഹിന്ദുവായ ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സെയാണെന്ന പ്രസ്താവന നടത്തിയ കമല്‍ ഹാസനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അറവകുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവെയാണ് കമല്‍ ഹാസന്‍ ഗോഡ്‌സെയുടെ പേര് പരാമര്‍ശിച്ചത്. മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടല്ല താന്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചിരുന്നു.

‘ഇവിടെ ഒരുപാട് മുസ്ലിങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്‌സെയെന്നാണ്.’ എന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more