എഴുത്തുകാരന്‍ കമല്‍ സി ചവറ തന്നെയും മകളെയും മതംമാറ്റത്തിന് നിര്‍ബന്ധിക്കുന്നെന്ന് രണ്ടാം ഭാര്യയും ദളിത് സ്ത്രീയുമായ യുവതി. മതംമാറ്റത്തിന് സമ്മതിക്കാത്തതിനെത്തുടര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും യുവതി പോലീസില്‍ പരാതി നല്‍കി. കമല്‍ സി തന്നെ ബലാത്സംഗം ചെയ്തിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.
ഒന്നുകില്‍ ഇസ്‌ലാമിലേക്ക് മതം മാറണമെന്നും അല്ലെങ്കില്‍ ഇസ്‌ലാം മതത്തില്‍പ്പെട്ട ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ സമ്മതിക്കണമെന്നും ആവശ്യപ്പെട്ടാണ് കമല്‍ സി പീഡിപ്പിക്കുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. തൃശൂരിലെ വാടക വീട്ടിലെത്തി ഇയാള്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുകയാണെന്നും പീഡനം സഹിക്കവയ്യാതെ ആയിരിക്കുകയാണെന്നും യുവതിയും അമ്മയും പറയുന്നു. പേരാമംഗലം പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് കമല്‍ സി ചവറ ഇസ്‌ലാം മതത്തിലേക്ക് മതം മാറിയതും പേര് മാറ്റി കമല്‍ സി നജ്മല്‍ എന്നാക്കിയതും. നജ്മല്‍ ബാബുവിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു ഇത്.
എം.എഡ് ബിരുദധാരിയാണ് ആദിവാസി വിഭാഗത്തിലെ യുവതി. കുടുംബ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തിയാണ് കമല്‍സി എത്തിയത്. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെന്ന് പറഞ്ഞ് ഒരുദിവസം മുണ്ടൂരിലേക്ക് വിളിച്ചുവരുത്തി തന്നെ അയാള്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും എതിര്‍ത്തപ്പോള്‍ ബലാത്സംഗം ചെയ്യുകയും ചെയ്‌തെന്ന് യുവതി പറയുന്നു.
തുടര്‍ന്ന് മാനസികമായി തകര്‍ന്ന് കേസുകൊടുക്കാന്‍ തീരുമാനിച്ചതറിഞ്ഞ് നിയമപരമായി വിവാഹം ചെയ്തുകൊള്ളാമെന്നും കേസുകൊടുക്കരുതെന്നും കമല്‍ അപേക്ഷിച്ചു. ഈ വിവാഹത്തിന് താന്‍ നിര്‍ബന്ധിതയാകുകയായിരുന്നു എന്നും യുവതി പരാതിയില്‍ പറയുന്നു. വിവാഹശേഷം ആകെയുണ്ടായിരുന്ന വീടും സ്ഥലവും അയാള്‍ വില്‍പ്പിക്കുകയും ആ പണം തട്ടിയെടുക്കുകയും ചെയ്തു.
ഇയാളുടെ ആദ്യബന്ധത്തിലെ കുട്ടിയേയും ഇയാള്‍ മതം മാറ്റാനുള്ള ശ്രമത്തിലാണ്. കുട്ടിയെ നിര്‍ബന്ധിച്ച് മതംമാറ്റത്തിന് സമ്മതിപ്പിച്ചിരിക്കുകയാണ്. ഇത് മനസിലാക്കിയ താന്‍ ഈ വിവരം കമലിന്റെ ആദ്യ ഭാര്യയെ അറിയിച്ചു. അവരും ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ അവര്‍ക്കെതിരെയും ഇയാള്‍ അപവാദ പ്രചരണങ്ങളും ഭീഷണികളും നടത്തിക്കൊണ്ടിരിക്കുകയാണെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.
താന്‍ ദളിത് വിഭാഗത്തില്‍നിന്ന് ബിരുദാനന്തര ബിരുദവും എം.എഡും കഴിഞ്ഞ വ്യക്തിയാണ്. ഇപ്പോള്‍ പട്ടികജാതി ക്ഷേമ വകുപ്പിന് കീഴിലുള്ള ചേലക്കര എം.ആര്‍.എസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപികയായി ജോലിചെയ്യുന്നു. താന്‍ മതം മാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവതി പറയുന്നു.