ന്യൂദല്‍ഹി: ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് കമലം എന്നാക്കി മാറ്റിയ ഗുജറാത്ത് സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം രൂക്ഷമാകുന്നു. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എം.പി ശശിതരൂര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരിക്കുകയാണ്.
പേരു മാറ്റുന്നതില്‍ യു.പി മുഖ്യമന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയും തമ്മില്‍ മത്സരമാണോ എന്ന് തരൂര്‍ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പേര് മാറ്റുന്നതില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും യു.പി മുഖ്യമന്ത്രിയും തമ്മില്‍ മത്സരമാണോ, അതോ ഇവര്‍ പരസ്പരം പരിഹസിക്കുകയാണോ? ബിജെപി സര്‍ക്കാര്‍ ഇവര്‍ക്കായി ഒരു പേര് മാറ്റല്‍ സമിതി രൂപീകരിക്കുന്നത് നന്നാകും. സംസ്ഥാനങ്ങളെ ഇത്തരം ദുര്‍ഭരണത്തില്‍ നിന്ന് രക്ഷിക്കേണ്ടത് അത്യാവശ്യമാണ്’, തരൂര്‍ ട്വിറ്ററിലെഴുതി.
https://t.co/Dq5APEh5zh
Is the Gujarat CM competing with or mocking the UP CM? Suggest it would be best if the BJP govt constitutes a ‘National Renaming Council’ to keep these CMs occupied, considering that’s the only thing they’re good at, & save their states from misgovernance. https://t.co/cnIpm5oaZr— Shashi Tharoor (@ShashiTharoor) January 20, 2021
അതേസമയം ഗുജറാത്ത് സര്‍ക്കാരിന്റെ ഈ നടപടിയെ പരിഹസിച്ച് എന്‍.സി.പി മുതിര്‍ന്ന നേതാവ് ശരദ് പവാറും രംഗത്തെത്തിയിരുന്നു.
ഇങ്ങനെപോയാല്‍ ഇന്ത്യയ്ക്ക് കമലിസ്ഥാന്‍ എന്നുവരെ ഇവര്‍ പേരിടുന്ന കാലം വിദൂരമല്ലെന്നായിരുന്നു പവാറിന്റെ പ്രതികരണം. പഴവര്‍ഗ്ഗങ്ങളിലും ബി.ജെ.പി തങ്ങളുടെ ബ്രാന്‍ഡിംഗ് തുടങ്ങിയെന്ന് എന്‍.സി.പി മുഖ്യവക്താവ് മഹേഷ് താപ്‌സിയും പറഞ്ഞു.
ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് കാരവന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ ജോസും രംഗത്തെത്തിയിരുന്നു. പഴങ്ങളുടെ പേര് മാറ്റുക മാത്രമാണ് ഇന്ത്യയിലെ ഹിന്ദുത്വ സര്‍ക്കാര്‍ ചെയ്യുന്നതെന്നും ശരിക്കും നിലപാടുകളെടുക്കേണ്ട സമയം വരുമ്പോള്‍ വാലും ചുരുട്ടി മാളത്തില്‍ ഒളിക്കുകയാണ് ഇവരെന്നും വിനോദ് കെ ജോസ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു വിനോദ് കെ ജോസിന്റെ പ്രതികരണം.
‘എന്താണ് ഇന്ത്യയിലെ ഹിന്ദുത്വ സര്‍ക്കാരുകള്‍ ചെയ്യുന്നത്? പഴങ്ങളുടെ പേര് മാറ്റല്‍. കാണിച്ചുകൂട്ടലുകള്‍, ഉപരിപ്ലവമായ മാറ്റങ്ങള്‍, ഊഹാപോഹങ്ങള്‍ ഇതാണ് ഹിന്ദുത്വയുടെ മുഖമുദ്രകള്‍. പക്ഷെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറി ഒരു ഗ്രാമം തന്നെ കെട്ടിപ്പൊക്കിയ ചൈനക്കെതിരെ നിലപാടെടുക്കേണ്ടി വരുമ്പോള്‍ ഇവരെല്ലാം വാലും ചുരുട്ടി മാളത്തില്‍ പോയി ഒളിച്ചിരിക്കും,’ വിനോദ് കെ ജോസിന്റെ ട്വീറ്റില്‍ പറയുന്നു.
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പുറംഭാഗത്തിന് താമരയോട് സാമ്യമുണ്ടെന്നും അതിനാല്‍ ഈ പഴത്തിന്റെ പേര് താമരയുടെ പര്യായപദമായ കമലം എന്നാക്കി മാറ്റുകയാണെന്നുമായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയായിരുന്നു ഈ പ്രഖ്യാപനം നടത്തിയത്. ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് നിരവധി ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Social Media On Dragon Fruit Row By Gujrath Government