അജുവിനെ നായകനാക്കി ഒരു സിനിമ, അതും രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്നു. പിന്നീട് ചിത്രത്തിന്റെതായി വന്ന പോസ്റ്ററുകളും ട്രെയ്‌ലറുകളും. കമല എന്ന സിനിമ ആദ്യ ദിനം തന്നെ കാണാനുള്ള കാരണങ്ങള്‍ ഇതായിരുന്നു.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് രഞ്ജിത് ശങ്കര്‍ എന്ന സംവിധായകന്‍ പാസഞ്ചര്‍ എന്ന സിനിമയിലൂടെ ഏത്തിയത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു പരീക്ഷണ ചിത്രവുമായി എത്തിയിരിക്കുകയാണ് രഞ്ജിത്.
സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അനന്ദ് മധുസൂദനന്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഷഹനാദ് ജലാല്‍ അണ് ചിത്രത്തിന്റെ ക്യാമറ.
ആരാണ് കമല ? റിലീസിന് മുമ്പ് തന്നെ ഈ ഒരു ചോദ്യം പ്രേക്ഷകനുള്ളിലേക്ക് എത്തിക്കാന്‍ കമലയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സഫര്‍ എന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ ജീവിതത്തിലെ 36 മണിക്കൂറുകളാണ് കമല എന്ന ചിത്രമെന്ന് ഒറ്റവാചകത്തില്‍ പറയാം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അജുവര്‍ഗീസാണ് സഫര്‍ ആകുന്നത്. ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സഫര്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഒരു ഹോംസ്റ്റേയില്‍ എത്തുന്നു. മറ്റൊരു ലക്ഷ്യം കൂടി സഫറിന് അവിടെയുണ്ട്. കമല എന്ന് പേരുള്ള ഒരു യുവതി ആ ദിവസം അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി നിരവധി സംഭവങ്ങള്‍ സഫറിന്റെ ജീവിതത്തില്‍ നടക്കുകയായിരുന്നു.
സഫറിനൊപ്പം ഉള്ള പ്രേക്ഷകന്റെയും കൂടി യാത്രയാണ് ചിത്രം. ചിത്രത്തിന്റെ ആദ്യപകുതിയില്‍ യഥാര്‍ത്ഥത്തില്‍ ആരാണ് കമല എന്ന ചോദ്യം സഫറിനെ പോലെ പ്രേക്ഷകരെയും കമല ആശയകുഴപ്പത്തിലാക്കുന്നുണ്ട്. രണ്ടാം പകുതിയില്‍ ഈ ചോദ്യങ്ങള്‍ക്ക് എല്ലാം ഉള്ള ഉത്തരം പതിയെ സഫറിന് മുന്നില്‍ തെളിയുന്നത്.
സമകാലീന കേരളത്തില്‍ ചര്‍ച്ചയാവുന്ന ചില സംഭവങ്ങളും സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. മുഖ്യധാര സിനിമകളോ മാധ്യമങ്ങളോ പറയാന്‍ മടിക്കുന്ന ചില കാര്യങ്ങള്‍ സിനിമ അഡ്രസ് ചെയ്യുന്നുണ്ട് എന്നത് അഭിനന്ദനാര്‍ഹമാണ്.
ഒരു ത്രില്ലര്‍ സിനിമയായത് കൊണ്ട് കഥയുടെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാന്‍ കഴിയില്ല. തുടക്കത്തില്‍ ചിത്രം ഒരല്‍പ്പം മെല്ലെയാണ് സഞ്ചരിക്കുന്നത്. പക്ഷേ അത് സിനിമയുടെ മൂഡ് നിര്‍മ്മിച്ച് എടുക്കുന്നതിന് ഏറെ സഹായിക്കുന്നുണ്ട്.
സഫര്‍ എന്ന കഥാപാത്രമായി അജു വര്‍ഗീസ് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. മുമ്പ് ഒപ്പം എന്ന സിനിമയില്‍ അജു ഒരു ഒട്ടോ ഡ്രൈവറായി എത്തിയിരുന്നു. ചെറുതെങ്കിലും മികച്ച പ്രകടനം തന്നെയായിരുന്നു അതില്‍ അജുവിന്റെത്. ആ റോള്‍ മികച്ചതാക്കിയിരുന്നെങ്കിലും അജുവിനെ ഒരു നായകനാക്കുള്ള ധൈര്യം സംവിധായകര്‍ക്കോ നായകനാകാനുള്ള ധൈര്യം അജുവിനോ ഉണ്ടായിരുന്നില്ല. പക്ഷേ രഞ്ജിത് ശങ്കര്‍ എന്ന സംവിധായകന്‍ ആ ദൗത്യം വിജയകരമായി നടത്തിയിരിക്കുകയാണ്.
സഫര്‍ എന്ന കഥാപാത്രത്തിന് മറ്റൊരാളെ ചിന്തിക്കാനാവാത്ത വിധം അജു മികച്ചതാക്കിയിട്ടുണ്ട്. തന്റെ മറ്റു കഥാപാത്രങ്ങളുടെ ഒരു ഛായയും ഇല്ലാതെ ഒതുക്കിയ അഭിനയം അജു കമലയില്‍ കാഴ്ചവെച്ചിട്ടുണ്ട്. സഫറിന്റെ കള്ളത്തരവും നിസ്സഹായതയും നിഗൂഡതയും അജുവില്‍ ഭദ്രമായിരുന്നു. ഹെലനിലെ പൊലീസുകാരനും കമലയിലെ സഫറും അജു എന്ന നടനുള്ള അംഗീകാരമാണ്.
പഞ്ചാബി മോഡലായ റുഹാനി ശര്‍മയാണ് കമലയായി എത്തിയത്. കഥാപാത്രത്തിന്റെ സ്വഭാവം പ്രേക്ഷകന് പ്രവചിക്കാന്‍ കഴിയാത്ത തരത്തില്‍ അവതരിപ്പിക്കാന്‍ റുഹാനിക്ക് കഴിഞ്ഞു. റുഹാനിക്ക് ശബ്ദം നല്‍കിയ വ്യക്തിയും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. കമലയെന്ന നിഗൂഢത പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ റുഹാനിയിലൂടെ സംവിധായകന് കഴിഞ്ഞു.
ൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മാധ്യമ പ്രവര്‍ത്തകയും അവതാരകയുമായ ശ്രീജ ശ്യാം, അനൂപ് മേനോന്‍, ബിജു സോപാനം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ത്രില്ലറും, സസ്‌പെന്‍സും എല്ലാം ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കുള്ളതാണ് നൂറ് ശതമാനവും കമല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തമിഴില്‍ ഇറങ്ങുന്ന ഒരു കുട്ടം സിനിമകളെ ചൂണ്ടികാണിച്ച് എന്ത് കൊണ്ട് മലയാളത്തില്‍ ഇത് സംഭവിക്കുന്നില്ല എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്ന് വരാറുണ്ട്. അതിനുള്ള മറുപടി കൂടിയാണ് കമല.
DoolNews Video