ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ലോക നിലവാരത്തിലേക്ക് കേരളം ഉയർന്നുവെന്ന് നടൻ കമലഹാസൻ. കേരളത്തിന്റെ പുരോഗതിയും സാംസ്കാരിക പാരമ്പര്യവും അവതരിപ്പിക്കുന്ന കേരളീയം 2023 ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കമലഹാസൻ. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കേരളം മറ്റുള്ളവർക്ക് ഒരു മാതൃകയാണെന്നും താരം കൂട്ടിച്ചേർത്തു.
‘കേരളത്തിന്റെ സംസ്കാരം അതിന്റെ ഏറ്റവും മികച്ച രീതിയിൽ രൂപപ്പെടുത്തിയെടുക്കുന്നതിൽ മലയാള സിനിമാ മേഖലയ്ക്കുള്ള പങ്ക് വളരെ വലുതാണ്. സിനിമയോടുള്ള എന്റെ കാഴ്ചപ്പാട്, നമ്മൾഒരുപാട് സിനിമകൾ നിർമിച്ചു. ലോകം മുഴുവനുള്ള പ്രേക്ഷകരെ ആകർഷിക്കുക മാത്രമല്ല അതിനൊപ്പം തന്നെ സമൂഹത്തിലെ പ്രശ്നങ്ങളെ തുറന്നുകാട്ടുന്നതിലും സിനിമയ്ക്ക് വലിയ സ്ഥാനമുണ്ട്. സമൂഹത്തോടുള്ള ഈയൊരു പ്രതിബന്ധത എല്ലാത്തിലും പ്രതിഫലിക്കുന്നതാണ്.
എന്റെ കരിയറിനെ കുറിച്ച് ഓർക്കുമ്പോഴും എനിക്ക് അഭിമാനമുണ്ട്. എന്റെ സിനിമയായ മദനോത്സവം ഈ പരിപാടിയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഈയൊരു അവസരത്തിൽ ഞാൻ നന്ദി പറയുകയാണ്. എനിക്ക് വെറും 21 വയസ്സ് മാത്രമേ ആ സിനിമ ചെയ്യുമ്പോൾ പ്രായം ഉണ്ടായിരുന്നുള്ളൂ. സംവിധായകൻ ശങ്കർ നായരെയും എല്ലാ ടെക്നീഷ്യന്മാരെയും ഞാൻ ഈ നിമിഷം ഓർക്കുന്നു.
2017 ൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണം എന്ന് തീരുമാനിച്ചപ്പോൾ ഞാൻ വീണ്ടും കേരളത്തിലേക്ക് വന്നു. അന്ന് ഞാൻ നിങ്ങളുടെ, നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനോട് ഉപദേശം തേടിയിരുന്നു. എല്ലാവരും മറന്ന ഒരു കാര്യമുണ്ട്. ലോകത്തിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ഗവൺമെന്റാണ് 1957 ലെ ഇ. എം. എസ് എന്ന ഐക്കോണിക്ക് നേതാവിന്റേത്.
കേരളമാണ് ഏറ്റവും മികച്ച ഭൂപരിഷ്കരണവും, ആരോഗ്യ മേഖലയിലും വിദ്യാഭ്യാസരംഗത്തും ഏറ്റവും മികച്ച തീരുമാനങ്ങളും ഇന്ത്യയിൽ നടപ്പിലാക്കിയത്. ഇന്ന് ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ആഗോള നിലവാരത്തിലേക്ക് കേരളം മാറിയിട്ടുണ്ട്. ഈ മാതൃക ആദ്യമായി രാജ്യത്തിന് കാണിച്ചു കൊടുത്തത് കേരളമാണ്. ഇത് മറ്റു സംസ്ഥാനങ്ങൾക്കും പിന്തുടരാവുന്നതാണ്,’കമലഹാസൻ പറഞ്ഞു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തി നടന്ന പരിപാടി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയവരും പങ്കെടുത്തു. 44 ഇടങ്ങളിലായി ഏഴ് ദിവസമാണ് കേരളീയം അരങ്ങേറുന്നത്. കല-സാംസ്കാരിക പരിപാടികൾ, ഭക്ഷ്യമേളകൾ, പ്രദർശനങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്.
Content Highlight: Kamala Hasan Says About Kerala’s Growth In Educational And Health Sector