World News
'വെള്ളപൂശിയ' വിവാദം; കമല ഹാരസിന്റെ വോഗ് കവര്‍ ഫോട്ടോ വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 11, 03:38 am
Monday, 11th January 2021, 9:08 am

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് കമല ഹാരിസ് മുഖചിത്രമായ വോഗിന്റെ പുതിയ ലക്കം വിവാദത്തില്‍. കമല ഹാരിസിന്റെ ഫോട്ടോ വോഗ് വെളുപ്പിച്ചു എന്ന് കാണിച്ചാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ വോഗ് മാഗസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ചിത്രങ്ങള്‍ വെളുപ്പിച്ചതിലുപരി ഒരു ഇന്‍ഫോര്‍മല്‍ ബാക്ക് ഗ്രൗണ്ടില്‍ ഫോട്ടോ സെറ്റ് ചെയ്തതതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

പ്രൊഫഷണലിസം ഒട്ടുമില്ലാതെയാണ് വോഗ് കമല ഹാരസിന്റെ ചിത്രം എടുത്തതെന്നും ഒരു സാധാരണ മൊബൈല്‍ ക്യാമറയില്‍ ഫോട്ടോ പകര്‍ത്തിയാല്‍ പോലും ഇതിലും മികച്ച ചിത്രങ്ങള്‍ ലഭിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു.

വോഗ് മാഗസിന്റെ പുതിയ ലക്കത്തില്‍ കമല ഹാരിസിന്റെ അഭിമുഖം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ വോഗ് പതിപ്പിലാണ് കമല ഹാരിസിന്റെ രണ്ട് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒന്നാമത്തെ ചിത്രത്തില്‍ റോസ് നിറത്തിലുള്ള കര്‍ട്ടനാണ് ബാക്ക് ഗ്രൗണ്ടില്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിനെതിരെയാണ് കൂടുതല്‍ വിമര്‍ശനങ്ങളും ഉയരുന്നത്.

പ്രശസ്ത ബ്ലാക്ക് ഫോട്ടോഗ്രാഫറായ ടെയിലര്‍ മിച്ചെല്ലാണ് ഫോട്ടോയെടുത്തത്. കമല ഹാരിസിന്റെ ചിത്രത്തില്‍ വോഗ് വീണ്ടും വെള്ളപൂശുകയാണെന്നും. ഇത് തികച്ചും ബഹുമാനമില്ലാത്ത രീതിയാണെന്നും ട്വിറ്ററില്‍ ഒരു ഉപയോക്താവ് കുറിച്ചു.

”അമേരിക്കയില്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു ആദ്യ സ്റ്റെപ്പ്. ഇനി ഹാരിസിന് മുറിവേറ്റതും പ്രതിസന്ധിയില്‍ അകപ്പെട്ടതുമായ അമേരിക്കയെ മുന്നോട്ട് നയിക്കുക എന്ന മഹത്തായ ദൗത്യം കൂടിയുണ്ട്,” എന്ന് പറഞ്ഞാണ് വോഗ് രണ്ട് കവര്‍ ഫോട്ടോയും ഷെയര്‍ ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: ‘Washed out mess’: Vogue puts Kamala Harris on the cover, but Twitter users aren’t happy