വാഷിംഗ്ടണ്‍: ഭരണഘടനാ സംരക്ഷണത്തിനും പാവപ്പെട്ടവര്‍ക്കും വേണ്ടി പോരാടുന്ന ആളാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസ് എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.
പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലയെ തെരഞ്ഞെടുത്തത് ബൈഡന്റെ മികച്ച തീരുമാനമാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. ഒരു വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക എന്നത് ഒരു പ്രസിഡന്റ് ആദ്യം എടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും ഒബാമ പറഞ്ഞു.
തനിക്ക് വളരെകാലമായി പരിചയമുള്ള വ്യക്തിയാണ് കമലാ ഹാരിസ് എന്നും അദ്ദേഹം പറഞ്ഞു.
തന്റെ ദൗത്യത്തിന് വേണ്ടി കമല പൂര്‍ണ സജ്ജമാണെന്നും ഭരണഘടനാ സംരക്ഷണത്തിനുവേണ്ടിയും പാവപ്പെട്ടവര്‍ക്കും വേണ്ടിയും സമൂഹത്തിന്റെ ശരിയായ മാറ്റത്തിനു വേണ്ടിയും പ്രവര്‍ത്തിക്കാന്‍ ജീവിതം മാറ്റിവെച്ച വ്യക്തിയാണ് കമലയെന്നും അദ്ദേഹം പറഞ്ഞു.
കമല വിശ്വസ്തയായ ജനസേവകയും നേതാവും ആണെന്ന് നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ടെന്നും ബൈഡന് കരുത്തുറ്റ ഒരു പങ്കാളിയായിരിക്കും കമലയെന്നും നേരത്തെ ഹിലരി ക്ലിന്റണ്‍ പറഞ്ഞിരുന്നു.
അതേസമയം, കമലയ്‌ക്കെതിരെ അധിക്ഷേപവുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയിരുന്നു. ഭ്രാന്തിളകിയ തീവ്ര ഇടതുപക്ഷക്കാരി എന്നായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന.
കമലയെ ജോ ബൈഡന്‍ തെരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സെനറ്റിലെ വളരെ മോശം അംഗമാണ് കമലയെന്നും ട്രംപ് ആരോപിച്ചിരുന്നു.
ജോ ബൈഡനെ തന്നെ അധിക്ഷേപിച്ച ആളാണ് കമല ഹാരിസ് എന്നും ട്രംപ് ആരോപിച്ചിരുന്നു. ട്രംപിന്റെ നോമിനി ബ്രെറ്റ് കവനയെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നതിനെതിരെ കമല വിമര്‍ശനം ഉന്നയിച്ചത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.