വാഷിങ്ടൺ: യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്ന് അമേരിക്കൻ വൈസ് പ്രസിഡൻറ് കമല ഹാരിസ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതോടെയാണ് വൈസ് പ്രസിഡന്റ് കമല ഹാരിസ് മത്സര രംഗത്തേക്കെത്തിയത്. സ്ഥാനാർത്ഥിത്വത്തിന് തന്നെ പിന്തുണച്ച ബൈഡന് നന്ദി പറഞ്ഞ കമല ഹാരിസ്, ഇതുവരെയുള്ള പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥിത്വം നേടിയെടുക്കാനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.
‘പ്രസിഡൻ്റിൻ്റെ അംഗീകാരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. വിജയിക്കുകയാണ് എൻ്റെ ലക്ഷ്യം. ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താനും നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനും എൻ്റെ കഴിവിൻ്റെ പരമാവധി ഞാൻ ചെയ്യും. തെരഞ്ഞെടുപ്പ് ദിവസത്തിന് ഞങ്ങൾക്ക് 107 ദിവസമുണ്ട്. നമുക്ക് ഒരുമിച്ച് പോരാടാം.നമ്മൾ വിജയിക്കും,’ കമല ഹാരിസ് പറഞ്ഞു.
പ്രസിഡന്റ ജോ ബൈഡനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും വൈസ് പ്രെസിഡന്റാവാൻ കഴിഞ്ഞതും വലിയ ബഹുമതിയാണെന്നും കമല ഹാരിസ് പറഞ്ഞു. മുഴുവൻ ബൈഡൻ കുടുംബത്തോടും തനിക്ക് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.
ബൈഡന്റെ ഉൾപ്പെടെ പ്രമുഖരുടെ പിന്തുണ ലഭിച്ചെങ്കിലും, കമല ഹാരിസ് ഡെമോക്രാറ്റിക് പാർടിയുടെ ഔദ്യോഗിക സ്ഥാനാർഥിയാകുമോ എന്നറിയാൻ ആഗസ്ത് 19ലെ ചിക്കാഗോ കൺവെൻഷൻ വരെ കാത്തിരിക്കണം. സ്ഥാനാർത്ഥിത്വത്തിനായി ഒബാമയുടെ ഭാര്യ മിഷേലിന്റെ പേരും ഉയരുന്നുണ്ട്.
നവംബർ അഞ്ചിലെ തെരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്തിയാൽ അമേരിക്കൻ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും കമല ഹാരിസ്.
നിലവിൽ അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. കമല ഹാരിസിന്റെ അച്ഛൻ ഡോണൾഡ് ജെ. ഹാരിസ് ജമൈക്കക്കാരനാണ്. അമ്മ ശ്യാമള ഗോപാലൻ തമിഴ്നാട്ടുകാരിയാണ്.
Content Highlight: Kamala Harris says she will beat ‘extreme’ Trump