എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ; ട്രംപിനെ വെല്ലുവിളിച്ച് കമല ഹാരിസ്
Worldnews
എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ; ട്രംപിനെ വെല്ലുവിളിച്ച് കമല ഹാരിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2024, 8:42 pm
ഡൊണാൾഡ് ട്രംപ്, നിങ്ങൾ എന്നോടൊപ്പം സംവാദത്തിന് വരൂ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെ വെല്ലുവിളിച്ച് ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായ കമല ഹാരിസ്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്റെ മുഖത്ത് നോക്കി പറയണമെന്നായിരുന്നു കമല ഹാരിസിന്റെ പരാമർശം.

സെപ്റ്റംബറിൽ നടക്കുന്ന യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ സംവാദത്തിൽ പങ്കെടുക്കുന്നതിൽ ഡൊണാൾഡ് ട്രംപ് ഇതുവരെ സമ്മതം
അറിയിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കമല ഹാരിസിന്റെ വെല്ലുവിളി.

‘ഡൊണാൾഡ് ട്രംപ്, നിങ്ങൾ എന്നോടൊപ്പം സംവാദത്തിന് വരൂ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ,’ എന്നാണ് കമല ഹാരിസ് പറഞ്ഞത്. താൻ വിജയിക്കും എന്നതിൽ തർക്കമില്ലെന്നും അമേരിക്കക്കാർക്ക് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ അറിയാം എന്നും അവർ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ടാൽ ആരോഗ്യ രംഗത്ത് പുതിയ വികസന പരിപാടികൾ കൊണ്ട് വരുമെന്നും, വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ചെലവ് കൈകാര്യം ചെയ്യാനുള്ള പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ പ്രസിഡന്റ് ജോ ബൈഡനാണ് തന്റെ പിന്‍ഗാമിയായി കമല ഹാരിസിനെ പ്രഖ്യാപിച്ചത്.

പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ നിന്നും വിട്ട് നിൽക്കണമെന്ന ആവശ്യം പാർട്ടിക്കുളളിൽ തന്നെ ശക്തമായ സാഹചര്യത്തിലാണ് ബൈഡൻ്റെ പിൻവാങ്ങൽ.  യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നവംബർ 5നാണ് നടക്കുക.

Content Highlight: Kamala Harris’ “Say It To My Face” Dare To Donald Trump