'ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ല'; പ്രതിച്ഛായ നിലനിര്‍ത്താന്‍ പരിശോധന ഇല്ലാതെയും കൊവിഡ് വാക്‌സിന്‍ പുറത്തിറക്കിയേക്കാമെന്ന് കമലാ ഹാരിസ്
international
'ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ല'; പ്രതിച്ഛായ നിലനിര്‍ത്താന്‍ പരിശോധന ഇല്ലാതെയും കൊവിഡ് വാക്‌സിന്‍ പുറത്തിറക്കിയേക്കാമെന്ന് കമലാ ഹാരിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th September 2020, 9:27 am

വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന്റെ കാര്യത്തില്‍ ഒരിക്കലും യു.എസ് പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ മാത്രം കേട്ടുകൊണ്ട് മുന്നോട്ട് പോകാനാകില്ലെന്ന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ്. ശനിയാഴ്ച സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കമലാ ഹാരിസിന്റെ പ്രസ്താവന.

കൊവിഡിനെ സംബന്ധിച്ച വിദഗ്ധാഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തുന്ന രീതിയാണ് പൊതുവില്‍ യു.എസ് പ്രസിഡന്റ് നടത്തിക്കൊണ്ടിരിക്കുന്നത്. കൊവിഡ് വാക്‌സിന്റെ കാര്യത്തിലും അതേ നിലപാട് തന്നെയാണോ ഉണ്ടാവുക എന്ന കാര്യത്തിലും തനിക്ക് സംശയമുണ്ടെന്നും അവര്‍ പറഞ്ഞു.

‘ഡൊണാള്‍ഡ് ട്രംപിനെ ഞാന്‍ വിശ്വസിക്കില്ല. ഏതെങ്കിലും വിദഗ്ധര്‍ കൊവിഡ് വാക്‌സിനെ സംബന്ധിച്ച് പറഞ്ഞാല്‍ മാത്രമേ ഞാന്‍ വിശ്വസിക്കൂ. അദ്ദേഹത്തിന്റെ വാക്ക് ഞാന്‍ കണക്കിലെടുക്കില്ല,’ കമലാ ഹാരിസ് പറഞ്ഞു.

നിലവില്‍ അറുപത് ലക്ഷത്തിലധികം പേര്‍ക്ക് യു.എസില്‍ കൊവിഡ് ബാധിച്ചിട്ടുണ്ട്. നവംബറില്‍ നടത്താനുദ്ദേശിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഒരു വാക്‌സിന്‍ തയ്യാറാക്കാനുള്ള സാധ്യത ട്രംപ് വിശദീകരിച്ചിരുന്നു.

അത് പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടില്ലെങ്കിലും തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍ ട്രംപ് ഒരു വാക്‌സിന്റെ പുറത്തെത്തിക്കാന്‍ സാധ്യതയുണ്ടെന്നും കമലാ ഹാരിസ് പറഞ്ഞു.

’60 ദിവസം പോലും ബാക്കിയില്ലാത്ത ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പിനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. അതിന് വേണ്ടി താന്‍ നേതാവാണെന്ന് കാണിക്കാന്‍ ട്രംപ് എന്തും ചെയ്യും,’ കമലാ ഹാരിസ് പറഞ്ഞു.

അതേസമയം കമലാഹാരിസിന്റെ വാദങ്ങള്‍ തെറ്റാണെന്ന് കാണിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. വാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ രാഷ്ട്രീയം സ്വാധീനിക്കുന്നുവെന്ന ഹാരിസിന്റെ നിര്‍ദേശം തെറ്റാണെന്ന് മാത്രമല്ല, അമേരിക്കന്‍ ജനതയ്ക്ക് അപകടമാണെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kamala Harris sais She has no trust on trump over covid vaccine