നമുക്ക് തുടങ്ങാം, ഒരുപാട് ജോലികള്‍ തീര്‍ക്കാനുണ്ട്; തെരഞ്ഞെടുപ്പ് വിജയത്തില്‍ കമല ഹാരിസ്
World News
നമുക്ക് തുടങ്ങാം, ഒരുപാട് ജോലികള്‍ തീര്‍ക്കാനുണ്ട്; തെരഞ്ഞെടുപ്പ് വിജയത്തില്‍ കമല ഹാരിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th November 2020, 11:23 pm

വാഷിംഗ്ടണ്‍: അമേരിക്കയുടെ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതികരണവുമായി കമല ഹാരിസ്. ട്വിറ്ററിലൂടെയായിരുന്നു കമലയുടെ പ്രതികരണം.

അമേരിക്കയുടെ ആത്മാവിനായി പോരാടാനുള്ള തങ്ങളുടെ സന്നദ്ധതയാണ് ഈ തെരഞ്ഞെടുപ്പ് എന്നാണ് കമല ട്വീറ്റ് ചെയ്തത്.

‘പ്രസിഡന്റ് ജോ ബൈഡന്‍, അല്ലെങ്കില്‍ ഞാന്‍ എന്നതിനെക്കാള്‍ ഉപരിയാണ് ഈ തെരഞ്ഞെടുപ്പ്. അമേരിക്കയുടെ ആത്മാവിനെക്കുറിച്ചും അതിനായി പോരാടാനുള്ള ഞങ്ങളുടെ സന്നദ്ധതയെക്കുറിച്ചുമുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. ചെയ്ത് തീര്‍ക്കാന്‍ ഒരുപാട് ജോലിയുണ്ട് ഞങ്ങള്‍ക്ക്. നമുക്ക് തുടങ്ങാം’- എന്നായിരുന്നു കമലയുടെ ട്വീറ്റ്.

 

അമേരിക്കയുടെ 46 -ാം പ്രസിഡണ്ടായി ജോ ബൈഡന്‍ വിജയിച്ചിരിക്കുകയാണ്. വിജയത്തിന് പിന്നാലെ പ്രതികരണവുമായി ബൈഡനും രംഗത്തെത്തിയിരുന്നു. താന്‍ എല്ലാ അമേരിക്കക്കാരുടേയും പ്രസിഡണ്ടായിരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു.

‘നമ്മുടെ മഹത്തായ രാജ്യത്തെ നയിക്കാനായി എന്നെ തെരഞ്ഞെടുത്തതിലൂടെ ഞാന്‍ ആദരിക്കപ്പെടുന്നു. നമുക്ക് മുന്നിലുള്ള ജോലി കാഠിന്യമേറിയതാണ്. എനിക്ക് നിങ്ങള്‍ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ എല്ലാ അമേരിക്കക്കാരുടേയും പ്രസിഡണ്ടായിരിക്കുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. നിങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസം ഞാന്‍ കാത്തുസൂക്ഷിക്കും’ ബൈഡന്‍ ട്വീറ്റ് ചെയ്തു.

273 ഇലക്ട്രല്‍ വോട്ട് നേടിയാണ് ബൈഡന്‍ നിലവിലെ പ്രസിഡണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയത്.

വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടിയതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. പെന്‍സില്‍വാനിയയില്‍ 49.7 ശതമാനം വോട്ട് നേടിയാണ് ബൈഡന്‍ ജയിച്ചത്. ട്രംപിന് ഇവിടെ 49.2 ശതമാനം വോട്ടേ ലഭിച്ചുള്ളൂ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Kamala Harris Response