യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്; നാമനിർദേശപത്രിക സമർപ്പിച്ച് കമല ഹാരിസ്
Worldnews
യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്; നാമനിർദേശപത്രിക സമർപ്പിച്ച് കമല ഹാരിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th July 2024, 1:19 pm

വാഷിങ്ടൺ: യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനുള്ള തൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡെമോക്രാറ്റിക്‌ പാർട്ടി നേതാവും അമേരിക്കൻ വൈസ് പ്രസിഡന്റുമായ കമല ഹാരിസ്. താൻ വിജയിക്കാനാവശ്യമായ വോട്ടുകൾക്കായി പരിശ്രമിക്കുമെന്ന് നാമനിർദേശപത്രികയിൽ ഒപ്പു വെച്ചതിന് ശേഷം അവർ പറഞ്ഞു.

‘ഇന്ന്, ഞാൻ അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ ഫോമുകളിൽ ഒപ്പുവച്ചു. ഇനി എനിക്ക് വേണ്ട വോട്ടുകൾക്കായി ഞാൻ കഠിനാധ്വാനം ചെയ്യും. നവംബറിൽ നടക്കുന്ന ഞങ്ങളുടെ ജനകീയ പ്രചരണം വിജയം കാണും,’ കമല ഹാരിസ് എക്സിൽ കുറിച്ചു.

‘മുൻ യു.എസ് പ്രസിഡൻ്റ് ബരാക് ഒബാമയും കമല ഹാരിസിന് പിന്തുണ അറിയിച്ചു. ‘ഈ ആഴ്ച ആദ്യം, മിഷേലും ഞാനും ഞങ്ങളുടെ സുഹൃത്ത് കമല ഹാരിസിനെ വിളിച്ചു. അവർ അമേരിക്കയുടെ ഒരു മികച്ച പ്രസിഡൻ്റാകുമെന്ന് ഞങ്ങൾ കരുതുന്നു.

അവർക്ക് ഞങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്. അവരുടെ വിജയം ഉറപ്പാക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. നിങ്ങൾ ഞങ്ങളോടൊപ്പം ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,’ ഒബാമ എക്സിൽ പങ്കുവെച്ചു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ പ്രസിഡന്റ് ജോ ബൈഡനാണ് തന്റെ പിന്‍ഗാമിയായി കമല ഹരിസിനെ പ്രഖ്യാപിച്ചത്. പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ നിന്നും വിട്ട് നിൽക്കണമെന്ന ആവശ്യം പാർട്ടിക്കുളളിൽ തന്നെ ശക്തമായ സാഹചര്യത്തിലാണ് ബൈഡൻ്റെ പിൻവാങ്ങൽ. കമല ഹാരിസിന്റെ എതിർ സ്ഥാനാർത്ഥിയായി മത്സരരംഗത്തുള്ളത് മുൻ അമേരിക്കൻ പ്രസിഡന്റും റിപ്ലബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് ആണ്.  യു.എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നവംബർ 5നാണ് നടക്കുക.

Content Highlight: Kamala Harris officially declares her candidature for US prez elections