വാഷിങ്ടൺ: വൈസ് പ്രസിഡന്റ് കമല ഹാരിസിന് തീവ്ര ഇടതുപക്ഷഭ്രമമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്.
അമേരിക്കയെ ഭരിക്കാന്‍ കമലാ ഹാരിസ് യോഗ്യയല്ലെന്നും, കമല ഹാരിസ് ‘തീവ്ര ഇടതുപക്ഷകാരി’യാണെന്നും ട്രംപ് വിമര്‍ശിച്ചു. കമല ഹാരിസിന്റെ സ്ഥാനാർഥി നിർണയത്തിനു ശേഷം റിപ്പബ്ലിക്കൻ പാർട്ടി ആദ്യമായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ പ്രസിഡന്റ് ജോ ബൈഡനാണ് തന്റെ പിന്‍ഗാമിയായി കമല ഹരിസിനെ പ്രഖ്യാപിച്ചത്. പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ നിന്നും വിട്ട് നിൽക്കണമെന്ന ആവശ്യം പാർട്ടിക്കുളളിൽ തന്നെ ശക്തമായ സാഹചര്യത്തിലാണ് ബൈഡൻ്റെ പിൻവാങ്ങൽ.
ഓഗസ്റ്റില്‍ നടക്കുന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനിലാകും പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസിനെ പരാജയപെടുത്താൻ എളുപ്പമാണെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു.
‘ജോ ബൈഡനെപ്പോലെ, കമലാ ഹാരിസും ഭരിക്കാന്‍ യോഗ്യയല്ല. ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ നമ്മുടെ രാജ്യത്തെ നശിപ്പിക്കും. അവർ കള്ളം പറയുന്നവരാണ്. ബൈഡന്റെ മാനസിക നിലയെ കുറിച്ചും അവർ പറയുന്നത് കള്ളമാണ്. എപ്പോഴും ബൈഡനെ പിന്തുണക്കാനാണ് അവർ ശ്രമിക്കുക.
അവർ തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരിയാണ്. അധികാരം കിട്ടുന്ന പക്ഷം അവർ രാജ്യത്തെ നശിപ്പിക്കും.
മൂന്നര വർഷത്തിനുള്ളിൽ ഡെമോക്രാറ്റിക് പാർട്ടി ഈ രാജ്യത്തോട് എന്താണ് ചെയ്തത്. അവർ രാജ്യത്തെ നശിപ്പിച്ചു. ഇനിയും അവരെ അധികാരത്തിലെത്താൻ അനുവദിക്കരുത്. ഞങ്ങൾ അതിനു അനുവദിക്കുകയില്ല ,’ ട്രംപ് പറഞ്ഞു.