വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയും കറുത്തവര്‍ഗക്കാരിയുമായ
കമല ഹാരിസില്‍ പൂര്‍ണ പ്രതീക്ഷയര്‍പ്പിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. എങ്ങനെ ഭരിക്കണമെന്ന് ഉത്തമ ബോധ്യമുള്ള ആളാണ് കമലയെന്ന് ബൈഡന്‍ പറഞ്ഞു.
അമേരിക്കയെ പുനര്‍നിര്‍മ്മിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ഇരുവരും തയ്യാറാണെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് മികച്ച ഭാവി ഉറപ്പുനല്‍കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.
” കമല നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ മിടുക്കിയാണ്. ഉറപ്പുള്ള വ്യക്തിയാണ്. അവള്‍ അനുഭവസമ്പന്നയാണ്. ഈ രാജ്യത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുമെന്ന് തെളിയിച്ചതാണ്,” ബൈഡന്‍ പറഞ്ഞു.
കമലാ ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം അമേരിക്കയിലെ പെണ്‍കുട്ടികള്‍ക്ക്, പ്രത്യേകിച്ച് സമൂഹത്തില്‍ അവഗണിക്കപ്പെട്ടു എന്ന് കരുതുന്ന കറുത്ത വംശജര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും ബൈഡന്‍ പറഞ്ഞു.
‘അവളുടെ കഥ അമേരിക്കയുടെ കഥയാണ്, എന്നില്‍ നിന്ന് പല രീതിയില്‍ വ്യത്യസ്തമാണെങ്കിലും അടിസ്ഥാനപരമായി വളരെ വ്യത്യസ്തമല്ല. അവര്‍ കഠിനാധ്വാനം ചെയ്തു. അവര്‍ ഒരിക്കലും വെല്ലുവിളിയില്‍ നിന്നും പിന്മാറില്ല, പലരും അവരുടെ വഴിയില്‍ തടസ്സങ്ങള്‍ തീര്‍ത്തുവെങ്കിലും അവര്‍ പിന്മാറിയില്ല,” പറഞ്ഞു.
നേരത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും കമലയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലയെ തെരഞ്ഞെടുത്തത് ബൈഡന്റെ മികച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.