'ലോകത്താകമാനമുള്ള ഹിന്ദുക്കളെ അവഗണിക്കുന്നു'; കമല ഹാരിസിനെതിരെ വീണ്ടും ഡൊണാൾഡ് ട്രംപ്
World News
'ലോകത്താകമാനമുള്ള ഹിന്ദുക്കളെ അവഗണിക്കുന്നു'; കമല ഹാരിസിനെതിരെ വീണ്ടും ഡൊണാൾഡ് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2024, 1:00 pm

ന്യൂയോര്‍ക്ക്: യു.എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസിനെ വിമര്‍ശിക്കുന്നത് തുടര്‍ന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്.

കമലാ ഹാരിസ് യു.എസിലെ ഉള്‍പ്പെടെ ലോകത്താകമാനമുള്ള ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും അവഗണിക്കുന്നുവെന്നാണ് ട്രംപിന്റെ പരമാര്‍ശം.

ബംഗ്ലാദേശിലെ ജനങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ അപലപിച്ച ഡൊളാള്‍ഡ് ട്രംപ് തന്റെ എക്‌സില്‍ കുറിച്ച ദീപാവലി ആശംസയിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.

താന്‍ വീണ്ടും തെരഞ്ഞൈടുപ്പില്‍ വിജയിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയാല്‍ ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടും അതിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്റെ എതിരാളികളായ കമലാ ഹാരിസും ജോ ബൈഡനും ഹിന്ദുക്കളെ അവഗണിച്ചുവെന്നും ബംഗ്ലാദേശിലുള്‍പ്പെടെയുള്ള ഹിന്ദുക്കളെയാണ് ഇരുവരും അവഗണിച്ചതെന്നും ട്രംപ് പറഞ്ഞു.

‘ബംഗ്ലാദേശില്‍ ജനക്കൂട്ടത്തെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നതിലും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ക്രൂരമായ അക്രമങ്ങള്‍ക്കെതിരെയും ഞാന്‍ അപലപിക്കുന്നു,’ ട്രംപ് കുറിച്ചു.

താന്‍ ഭരിക്കുന്ന കാലങ്ങളിലാണെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നെന്നും ലോകമെമ്പാടുമുള്ള ഹിന്ദുക്കളെയാണ് ബൈഡന്‍ ഭരണകൂടം അവഗണിച്ചതെന്നും പറഞ്ഞ ട്രംപ് താന്‍ അധികാരത്തില്‍ വരുന്നതോടെ അമേരിക്കയുടെ ശക്തി വീണ്ടെടുക്കുമെന്നും പറഞ്ഞു.

ഉയര്‍ന്ന നികുതിയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി കമലാ ഹാരിസ് ചെറുകിട ബിസിനസുകളെ നശിപ്പിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Kamala Harris ignores Hindus; Donald Trump criticized again