| Wednesday, 24th July 2024, 7:56 am

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മതിയായ പിന്തുണ നേടി കമല ഹാരിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ജോ ബൈഡന്റെ പിന്മാറ്റത്തെ തുടർന്ന്, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആവശ്യമായ പിന്തുണ വൈസ് പ്രസിഡന്റ് കമലഹാരിസ് നേടിയതായി റിപ്പോർട്ട്. ടെക്‌സസിലും വൈസ് പ്രസിഡൻ്റിൻ്റെ സ്റ്റേറ്റായ കാലിഫോർണിയയിലും ഉൾപ്പെടെ നിരവധി സംസ്ഥാന പ്രതിനിധികൾ ഹാരിസിനുള്ള പിന്തുണ സ്ഥിരീകരിക്കാൻ തിങ്കളാഴ്ച വൈകി യോഗം ചേർന്നിരുന്നു.

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽനിന്ന്‌ പ്രസിഡന്റ്‌ ജോ ബൈഡൻ പിന്മാറിയതോടെയാണ് വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസ് മത്സര രംഗത്തേക്കെത്തിയത്. ഓഗസ്റ്റ് 19ന് ചിക്കാഗോയിൽ ആരംഭിക്കുന്ന നാഷണൽ കൺവെൻഷനിൽ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ 1,976 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടത്. ഹാരിസിന് ഇതുവരെ കുറഞ്ഞത് 2,579 പ്രതിനിധികളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പ്രതിനിധികളിൽ 75% മുതൽ 80% വരെ ആളുകൾ ഹാരിസിനെ ഏകകണ്ഠമായി പിന്തുണച്ചിട്ടുണ്ടെന്ന് കാലിഫോർണിയ സ്റ്റേറ്റ് ഡെമോക്രാറ്റിക് ചെയർമാൻ റസ്റ്റി ഹിക്‌സ് പറഞ്ഞു. മറ്റൊരു വ്യക്തിയും ഡെമോക്രാറ്റിക്‌ പാർട്ടിയുടെ സ്ഥാനാർത്ഥിത്വം തേടാൻ ഉദ്ദേശിക്കുന്നതായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ബൈഡന്റെ പ്രചരണ ക്യാമ്പയിൻ ഹാരിസ് ഫോർ പ്രസിഡണ്ട് എന്ന പേര് മാറ്റുകയും പുതിയ ലോഗോ പുറത്തിക്കുകയും ചെയ്തു. മുൻ സ്‌പീക്കറും മുതിർന്ന ഡെമോക്രാറ്റിക് നേതാവുമായ നാൻസി പെലോസി കമലക്ക് പിന്തുണ പ്രഖ്യാപിച്ചു.

പ്രസിഡന്റ് ജോ ബൈഡൻ മത്സരത്തിൽ നിന്നും പിന്മാറണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ തന്നെ ഉയർന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ നിന്നും ബൈഡൻ പിന്മാറിയത്. തുടർന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

Content Highlight: Kamala Harris has enough Democratic delegates to earn US presidential nomination

We use cookies to give you the best possible experience. Learn more