| Monday, 22nd July 2024, 9:22 am

മത്സരത്തിൽ കമല ഹാരിസിനെ പരാജയപ്പെടുത്തുക എളുപ്പം: ഡൊണാൾഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസിനെ പരാജയപെടുത്താൻ എളുപ്പമാണെന്ന് മുൻ യു.എസ് പ്രസിഡൻ്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയാന്നെന്ന് യു.എസ് പ്രസിഡൻ്റ് ജൊ ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരാമർശം.

പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ നിന്നും വിട്ട് നിൽക്കണമെന്ന ആവശ്യം പാർട്ടിക്കുളളിൽ തന്നെ ശക്തമായ സാഹചര്യത്തിലാണ് ബൈഡൻ്റെ പിൻവാങ്ങൽ. തൊട്ടു പിന്നാലെ പുതിയ സ്ഥാനാർത്ഥിയായി വൈസ് പ്രസിഡൻ്റ് കമല ഹാരിസിനെ നാമനിർദേശം ചെയ്യുകയും ചെയ്തു.

യു.എസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റെന്നാണ് ബൈഡനെ ട്രംപ് വിശേഷിപ്പിച്ചത്.

‘നമ്മുടെ രാജ്യത്തെ ഏറ്റവും മോശം പ്രസിഡൻ്റാണ് പടിയിറങ്ങുന്നത്. പുതിയ സ്ഥാനാർത്ഥി കമലാ ഹാരിസിനെ പരാജയപ്പെടുത്തുന്നത് ഒരു വെല്ലുവിളിയേ അല്ല. 81 കാരനായ ബൈഡനേക്കാൾ എളുപ്പമാണ് അവരെ പരാജയപ്പെടുത്താൻ ,’ ട്രംപ് പറഞ്ഞു.

ട്രംപ് മത്സരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം ഇനിയും പ്രസിഡന്റാകാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും ഇതുവരെ അമേരിക്കയിലെ ജനങ്ങളെ ബൈഡൻ കഷ്ട്ടപ്പെടുത്തുകയായിരുന്നെന്നും ട്രംപ് പറഞ്ഞു. ഇനി അമേരിക്കയെ ഇത്തരം പ്രശ്നങ്ങളിൽ നിന്നെല്ലാം മോചിപ്പിച്ച് രാജ്യത്തെ മഹത്തരമാക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഞായറാഴ്ചയാണ് ജോ ബൈഡൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരരംഗത്തു നിന്നും മാറുന്നതായി പ്രഖ്യാപിച്ചത്. ബൈഡൻ മത്സരത്തിൽ നിന്നും പിന്മാറണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.

പ്രസിഡൻ്റായത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നായിരുന്നു തീരുമാനം പങ്കു വെച്ചു കൊണ്ട് ബൈഡൻ എക്സിൽ കുറിച്ചത്.

Content Highlight: Kamala Harris easier to defeat: Donald Trump

We use cookies to give you the best possible experience. Learn more