| Wednesday, 12th August 2020, 8:55 am

അമേരിക്കന്‍ ചരിത്രത്തിലാദ്യമായി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ; കമല ഹാരിസില്‍ ചൊടിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് ട്വിറ്ററിലൂടെ കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

രാജ്യത്തെ പ്രമുഖ പൊതുപ്രവര്‍ത്തകരില്‍ ധൈര്യശാലിയായ പോരാളിയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ബൈഡന്‍ ട്വീറ്റില്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതില്‍ സന്തോഷം പ്രകടിപ്പിച്ച കമല ഹാരിസ് താന്‍ ബഹുമാനിതയായെന്നും പ്രതികരിച്ചു. ബൈഡന് എല്ലാ പിന്തുണയും നല്‍കുമെന്നും അവര്‍ അറിയിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത സ്ഥാനാര്‍ത്ഥിയെ മാത്രമേ മത്സരിപ്പിക്കൂ എന്ന് ബൈഡന്‍ നേരത്തെ അറിയിച്ചിരുന്നു. കാലിഫോര്‍ണിയയില്‍നിന്നുള്ള സെനറ്ററാണ് കമല ഹാരിസ്. അമേരിക്കന്‍ ഭരണ തലപ്പത്തേക്ക് മത്സരിക്കാനെത്തുന്ന ആദ്യ ഏഷ്യന്‍ വംശജയാണ് ഇവര്‍.

കമല ഹാരിസിന് മാതാവ് വഴിയാണ് ഇന്ത്യന്‍ ബന്ധം. തമിഴ്‌നാട്ടിലെ  കുടുംബത്തിലെ അംഗമാണ് കമലയുടെ അമ്മ ശ്യാമള ഗോപാലന്‍. 1960-കളിലാണ് ഇവര്‍ അമേരിക്കയിലേക്ക് കുടിയേറിയത്. കാന്‍സര്‍ ഗവേഷക വിദഗ്ധയാണ് ശ്യാമള ഗോപാലന്‍. ജമൈക്കന്‍ വംശജനായ ഡൊണാള്‍ഡ് ഹാരിസാണ് കമലയുടെ പിതാവ്.

ജോ ബൈഡനെതിരെ കമല ഹാരിസ് വിമര്‍ശനമുന്നയിച്ചിരുന്നു. ബൈഡന്‍ സ്വജന പക്ഷപാതിയാണെന്നായിരുന്നു കമലയുടെ വിമര്‍ശനം. എന്നാല്‍, രാജ്യത്തെ ജനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിയുന്ന നേതാവാണ് ബൈഡനെന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം കമലയുടെ പ്രതികരണം.

പ്രസിഡന്റായാല്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രസിഡന്റാവും 78 കാരനായ ബൈഡന്‍. താന്‍ രണ്ടാം മത്സരത്തിനില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കമല ഹാരിസിന് മുന്നിലെ രാഷ്ട്രീയ ഭാവി വലുതാണെന്നാണ് വിലയിരു
ത്തല്‍. കാരണം, ബൈഡന്‍ രണ്ടാം മത്സരത്തിനിറങ്ങില്ലെന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ കമലയ്ക്ക് സാധ്യതകളേറിയാണ്.

അതേസമയം ബൈഡന്‍-കമല കൂട്ടുകെട്ട് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചെറുതായിട്ടൊന്നുമല്ല ചൊടിപ്പിക്കുന്നത്. കമലയുടെ സ്ഥാനാര്‍ത്ഥിത്വത്തെത്തന്നെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിക്കഴിഞ്ഞു. കമല ഹാരിസ് ബൈഡനേക്കാള്‍ തീവ്ര രാഷ്ട്രീയ നിലപാടുള്ള വ്യക്തിയാണെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ട്രംപിന്റെയും ആരോപണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kamala Harris Democrats’ Pick For US Vice-Presidential Candidate

We use cookies to give you the best possible experience. Learn more