| Thursday, 15th August 2024, 12:17 pm

കമലാ ഹാരിസിന്റെ അറബ്-മുസ്‌ലിം പ്രചാരകയായി അഫ്ഗാന്‍ വംശജയെ നിയമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഒക്ടോബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസിന് വേണ്ടി അറബ്-മുസ്‌ലിം വോട്ടര്‍മാര്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ അഫ്ഗാന്‍-അമേരിക്കന്‍ അഭിഭാഷകയായ നസ്‌റീന ബാര്‍ഗ്‌സിയെ നിയമിച്ചു.

അടുത്താഴ്ച നടക്കുന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനുവേണ്ടി കമലാ ഹാരിസ് ഷിക്കാഗോയിലേക്ക് പോവാനിരിക്കവെയാണ് പുതിയ നിയമനം.

മുന്‍പ് ഹാരിസിന്റെ നേതൃത്വത്തില്‍ വൈറ്റ് ഹൗസിലെ അറബ്-മുസ്‌ലിം പോളിസി ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച ബാര്‍ഗ്‌സിയുടെ കാലാവധി കഴിഞ്ഞ ജൂലൈയില്‍ അവസാനിച്ചിരുന്നു. ഗസയിലെ ഇസ്രഈല്‍ അധിനിവേശത്തില്‍ ഗസ സംബന്ധമായ വിഷയങ്ങളില്‍ ഹാരിസിന്റെ മാര്‍ഗദര്‍ശിയായും ബാര്‍ഗ്‌സി പ്രവര്‍ത്തിച്ചിരുന്നു.

‘വൈസ് പ്രസിഡന്റിനോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ ലഭിച്ച ഈ അവസരം ഞാന്‍ അംഗീകാരമായി കാണുന്നു. നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിലെ നിര്‍ണായക വിഷയങ്ങളായ ജനാധിപത്യം, മുസ്‌ലിം-അറബ് അവകാശങ്ങള്‍ തുടങ്ങിയവയില്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ സാധിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്.

വൈസ് പ്രസിഡന്റ് കമലാ ഹാരിസ് സ്വാതന്ത്ര്യം, നീതി, സമാധാനം എന്നിവയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. അതിനാല്‍ അമേരിക്കയുടെ ഭാവി ശോഭനമാക്കാനും ഇവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും,’ബാര്‍ഗ്‌സി എന്‍.ബി.സി ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ ഹാരിസ് അടുത്ത ആഴ്ച പങ്കെടുക്കുന്ന മിഷിഗണിലെ കണ്‍വെന്‍ഷനില്‍ അമേരിക്കയുടെ ഇസ്രഈലി അനുകൂല നിലപാടുകള്‍ ചോദ്യം ചെയ്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യു.എസിലെ ഫലസ്തീന്‍ അനുകൂല സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൊതുവെ ഫലസ്തീന് അനുകൂലമായ നിലപാടുകളാണ് ഹാരിസ് സ്വീകരിക്കാറുള്ളതെന്ന് ഒരു വിഭാഗം അവകാശപ്പൈടുന്നുണ്ടെങ്കിലും നിരവധി വിഷയങ്ങളില്‍ ബൈഡന്‍ ഭരണകൂടം സ്വീകരിക്കുന്ന നയങ്ങളില്‍ നിന്ന് ഭിന്നാഭിപ്രായം പറയാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

കൂടാതെ തന്റെ പ്രവര്‍ത്തനകാലത്തുടനീളം ഇസ്രഈലി ലോബിയിങ് ഗ്രൂപ്പായ ഐപാക്(അമേരിക്കന്‍ ഇസ്രഈല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി)മായി അവര്‍ നിരന്തരം അടുപ്പം സൂക്ഷിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച്ച രാജ്യത്തെ അറബ്-അമേരിക്കന്‍ കുടിയേറ്റക്കാരുടെ ഭൂരിപക്ഷ മേഖലയായ മിഷിഗണിലെ ഡിറ്റ്രോയില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രതിഷേധം ഭരണകൂടെ അടിച്ചമര്‍ത്തിയിരുന്നു. ഹാരിസിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു പ്രതിഷേധം അരങ്ങേറിയത്.

അമേരിക്കന്‍ തെരുവുകളിലും കലാലയങ്ങളിലും ഫലസ്തീന്‍ അനുകൂല പ്രതിഷേധം ശക്തമാകുന്നതിനിടെ കഴിഞ്ഞ ദിവസം അമേരിക്ക ഇസ്രഈലിന് 20 ബില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൈമാറിയതും ഹാരിസിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാവാന്‍ കാരണമാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Kamala Harris campaign appointed Afghan-American muslim to collect Arab votes

We use cookies to give you the best possible experience. Learn more