ഫേസ്ബുക്ക് വിഭജിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു; കമല ഹാരിസ്
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും വലിയ സമൂഹമാധ്യമമായ ഫേസ്ബുക്കിനെ വിഭജിക്കുന്നതിനെക്കുറിച്ച് അമേരിക്കന്‍ അധികൃതര്‍ ആലോചിക്കണമെന്ന് യു.എസ് സെനറ്റര്‍ കമല ഹാരിസ്. ഫേസ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ അനിയന്ത്രിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമലയുടെ ആവശ്യം.
ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് മുകളില്‍ വളര്‍ച്ച മാത്രമാണ് ഫേസ്ബുക്കിന്റെ താല്‍പര്യമെന്നും, സ്വകാര്യതയെ ഫേസ്ബുക്ക് മാനിക്കുന്നില്ലെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് പറയുന്നു.
‘ഫേസ്ബുക്കിനെ വിഭജിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്ന് ഞാന്‍ കരുതുന്നു. ഫേസ്ബുക്ക് എന്താണെന്നുള്ളത് നാം തിരിച്ചറിയണം ഫേസ്ബുക്ക് അനിയന്ത്രിതമായി വളര്‍ന്നിരിക്കുന്നു’- സി.എന്‍.എന് നല്‍കിയ അഭിമുഖത്തില്‍ കമല പറയുന്നു.
വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരേയും, സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കപ്പെടാതിരിക്കുന്നതിനെതിരേയും വ്യാപക വിമര്‍ശനമാണ് ഫേസ്ബുക്കിനെതിരെ ഉയരുന്നത്. ഫേസ്ബുക്കിനെ മൂന്നായി വിഭജിക്കണമെന്ന് ഫേസ്ബുക്കിന്റെ സ്ഥാപക അംഗമായ ക്രിസ് ഹ്യൂസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയായിരുന്നു ഹ്യൂസ് ഫേസ്ബുക്കിനെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ പങ്കു വെച്ചത്.
എന്നാല്‍ 20 കോടി ഉപഭോക്താക്കള്ളുള്ള ഫേസ്ബുക്ക് ഈ ആവശ്യം തള്ളിക്കളഞ്ഞിരുന്നു. കമ്പനിയുടെ വിജയം കമ്പനിയുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുമെന്നും, എന്നാല്‍ ഫേസ്ബുക്ക് പോലൊരു കമ്പനിയെ വിഭജിച്ചു കൊണ്ടല്ല ഉത്തരവാദിത്വം നിറവേറ്റേണ്ടത് എന്നായിരുന്നു കമ്പനിയുടെ ഒദ്യോഗിക വക്താവ് നിക് ക്ലെഗ് പറഞ്ഞത്.
പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ പാര്‍ട്ടിയുടെ അനുമതി തേടുന്ന 20 ഡെമോക്രാറ്റുകളില്‍ ഒരാളാണ് കമല ഹാരിസ്.