വാഷിങ്ടൺ: ഗസയിൽ വെടി നിർത്തലിന് ആഹ്വാനം ചെയ്ത് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. കമല ഹാരിസും ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യാഴാഴ്ച വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിനും ഗസയിലെ വെടി നിർത്തൽ സംബന്ധിച്ചുമായിരുന്നു ചർച്ച. സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിച്ച ശേഷം ആദ്യമായാണ് ഇവർ വിദേശ നയത്തിൽ പരസ്യമായി നിലപാട് പറയുന്നത്.
വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കമല ഹാരിസ്.
‘ഞാൻ ഇപ്പോൾ ബന്ദികളുടെ കുടുംബങ്ങളുമായി ഒന്നിലധികം തവണ സംസാരിച്ചിട്ടുണ്ട്. അവർ തനിച്ചല്ലെന്നും ഞാൻ അവരോടൊപ്പം നിൽക്കുമെന്നും ഓരോ തവണയും ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. അവരെ വീട്ടിലേക്ക് കൊണ്ടുവരാൻ ഞാനും പ്രസിഡൻ്റ് ബൈഡനും പ്രവർത്തിക്കുമെന്നും അവർക്ക് വാക്ക് കൊടുത്തിട്ടുണ്ട്.
കൂടാതെ, നിരപരാധികളുടെ മരണം ഉൾപ്പെടെ ഗസയിലെ മനുഷ്യരുടെ കഷ്ടപ്പാടുകളുടെ വ്യാപ്തിയെക്കുറിച്ച് ഞാൻ ഇസ്രഈൽ പ്രധാനമന്ത്രിയോട് സംസാരിച്ചു. ഭക്ഷ്യ അരക്ഷിതാവസ്ഥ ഉൾപ്പെടെ, അവിടെയുള്ള ഭയാനകമായ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള എൻ്റെ ഗൗരവമായ ആശങ്ക ഞാൻ വ്യക്തമാക്കി,’ കമല ഹാരിസ് പറഞ്ഞു.
ഗസയിൽ നടക്കുന്ന ദുരന്തത്തിന് മുന്നിൽ നിശബ്ദയായിരിക്കാനാവില്ലെന്നും കമല ഹാരിസ് വ്യക്തമാക്കി. തീവ്രവാദം, അക്രമം, യഹൂദവിരുദ്ധത, ഇസ്‌ലാമോഫോബിയ, ഏതെങ്കിലും തരത്തിലുള്ള വിദ്വേഷം എന്നിവയെ അപലപിക്കാൻ കമല ഹാരിസ് എല്ലാവരോടും ആഹ്വാനം ചെയ്തു. നിരപരാധികളായ സാധാരണക്കാരുടെ കഷ്ടപ്പാടുകൾ തടയേണ്ടതിൻ്റെയും ഐക്യത്തിനായി പ്രവർത്തിക്കേണ്ടതിൻ്റെയും ആവശ്യകതയെ കുറിച്ചും അവർ സംസാരിച്ചു.
നേരത്തെ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിസംബോധന ചെയ്യുന്ന യു.എസ് കോൺഗ്രസിന്റെ സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിക്കില്ലെന്ന് കമല ഹാരിസ് വ്യക്തമാക്കിയിരുന്നു.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ പ്രസിഡന്റ് ജോ ബൈഡനാണ് തന്റെ പിന്‍ഗാമിയായി കമല ഹരിസിനെ പ്രഖ്യാപിച്ചത്. പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ നിന്നും വിട്ട് നിൽക്കണമെന്ന ആവശ്യം പാർട്ടിക്കുളളിൽ തന്നെ ശക്തമായ സാഹചര്യത്തിലാണ് ബൈഡൻ്റെ പിൻവാങ്ങൽ.
Content Highlight: Kamala Harris Calls for Ceasefire After Talks With Netanyahu