വാഷിങ്ടണ്‍: 2024 യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ടിം വാള്‍സ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസാണ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകം ഉറ്റുനോക്കുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കമല ഹാരിസ് നല്‍കിയത്.
വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ടിം വാള്‍സ് മിനസോട്ട ഗവര്‍ണറായി പ്രവര്‍ത്തിക്കുകയാണ്. 2018 മുതല്‍ മിനസോട്ട ഗവര്‍ണറായി പ്രവര്‍ത്തിക്കുന്ന വാള്‍സ് മുന്‍ ഹൈസ്‌കൂള്‍ അധ്യാപകനുമാണ്. ഫിലഡല്‍ഫിയയില്‍ ഇന്ന് നടക്കുന്ന പ്രചരണ യോഗങ്ങളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച മുതല്‍ യു.എസിലെ ഏഴ് സുപ്രധാന സംസ്ഥാനങ്ങളില്‍ ഇരുവരും പ്രചരണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാള്‍സ് 24 വര്‍ഷം ആര്‍മി നാഷണല്‍ ഗാര്‍ഡിലും പിന്നീട് യു.എസ് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ്.
അരിസോണയിലെ യു.എസ് സെനറ്റര്‍ മാര്‍ക്ക് കെല്ലി, പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപിറോ എന്നിവരാണ് ടിം വാള്‍സന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വെല്ലുവിളി ഉയര്‍ത്തിയ മറ്റു വ്യക്തികള്‍.
അതേസമയം യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ പ്രസിഡന്റ് ജോ ബൈഡനാണ് തന്റെ പിന്‍ഗാമിയായി കമല ഹരിസിനെ പ്രഖ്യാപിച്ചത്. പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുളളില്‍ തന്നെ ശക്തമായ സാഹചര്യത്തിലാണ് ബൈഡന്‍ പിന്‍വാങ്ങിയത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാല്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും കമല ഹാരിസ്. നിലവില്‍ അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് കമല ഹാരിസ്.
യു.എസ് തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ പ്രചരണം കനക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Content Highlight: Kamala Harris Announces Tim Walz as Vice Presidential Candidate in US election