ട്രംപുമായുള്ള സംവാദത്തിനിടെ കമല ഹാരിസ് ബ്ലൂടൂത്ത് കമ്മല്‍ ഉപയോഗിച്ച് വഞ്ചിച്ചെന്ന് ആരോപണം
World News
ട്രംപുമായുള്ള സംവാദത്തിനിടെ കമല ഹാരിസ് ബ്ലൂടൂത്ത് കമ്മല്‍ ഉപയോഗിച്ച് വഞ്ചിച്ചെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th September 2024, 5:48 pm

വാഷിങ്ടണ്‍: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന ആദ്യ സംവാദത്തിനിടെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമല ഹാരിസ് കഭളിപ്പിച്ചതായി ആരോപണം. സംവാദം നടക്കുന്നതിനിടെ കമ്മലിന്റെ രൂപത്തിലുള്ള ബ്ലൂടൂത്ത് ഉപയോഗിച്ച് കമല പുറത്തുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായാണ് റിപബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച്ചയാണ് അമേരിക്കയിലെ ഫിലാഡല്‍ഫിയയിലെ നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ വെച്ച് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ കമല ഹാരിസും തമ്മിലുള്ള സംവാദം നടന്നത്. എന്നാല്‍ അന്ന് കമല ധരിച്ച കമ്മല്‍, നോവ എച്ച് 1 ഓഡിയോ കമ്മലിനോട് സാമ്യമുള്ളതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വഞ്ചന ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ജര്‍മന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ നോവയുടെ അധികൃതരും പ്രതികരിച്ചിച്ചുണ്ട്. ‘ഹാരിസിന്റെ കയ്യില്‍ ഞങ്ങളുടെ ഇയര്‍ഫോണുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ രണ്ടും തമ്മിലുള്ള സാമ്യം ശ്രദ്ധേയമാണ്, ഞങ്ങള്‍ ഇതുവരെ പ്രസിഡന്‍ഷ്യല്‍ ചര്‍ച്ചകള്‍ക്കായി പ്രത്യേകം പ്രൊഡക്ടുകള്‍ ഒന്നും തന്നെ രൂപകല്‍പ്പന ചെയ്തിട്ടില്ല.

എങ്കിലും അത്തരം ഉപയോഗങ്ങള്‍ക്ക് ഇത് പലപ്പോഴും അനുയോജ്യമാണ്. ഞങ്ങള്‍ നിലവില്‍ ഈ പ്രൊഡക്ടിന്റെ പുരുഷന്‍മാര്‍ക്ക് അനുയോജ്യമായ പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വേഗത്തില്‍ തന്നെ അത് ട്രംപിന്റെ പ്രചാരണത്തിനായി വാഗ്ദാനം ചെയ്യാന്‍ കഴിയും.

എന്നാല്‍ യോജിക്കുന്ന ഒരു കളര്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്. കാരണം ഓറഞ്ച് എല്ലാ നിറങ്ങളുമായി പൊരുത്തപ്പെടുന്ന കളര്‍ അല്ല,’ട്രംപിനെ പരിഹസിച്ചുകൊണ്ട് നോവയുടെ ഐസ്ബാച്ച് എം.ഡി മാല്‍ട്ടെ ഐവേര്‍സണ്‍ ഫോബ്‌സ് ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ ഉല്‍പ്പന്നം വാങ്ങാന്‍ ആഗ്രഹിക്കുന്നവരോട് അവ നിലവില്‍ സ്റ്റോക്കില്ലെന്നും പേറ്റന്റ് ലംഘനവുമായി ബന്ധപ്പെട്ട് ഒരു ചൈനീസ് ടെക് സ്ഥാപനത്തില്‍ നിന്നുള്ള കേസുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും ഐവേര്‍സണ്‍ പറയുന്നുണ്ട്.

അതേസമയം കമലാ ഹാരിസുമായി ഇനി ഒരു സംവാദത്തിന് ഇല്ലെന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. ആദ്യ സംവാദത്തില്‍ തന്നെ താന്‍ ജയിച്ചെന്ന് പറഞ്ഞ് ട്രംപ് മറ്റൊരു സംവാദത്തിന് തയ്യാറാണെന്ന കമല ഹാരിസിന്റെ ആവശ്യം ആദ്യ സംവാദം തോറ്റതിന്റെ ക്ഷീണം മറികടക്കാനാണെന്നും പരിഹസിക്കുകയുണ്ടായി.

Content Highlight: Kamala Harris allegedly cheated with a Bluetooth earring during a debate with Trump