വാഷിങ്ടണ്‍: ഇന്ത്യന്‍ ചരിത്രവും പാഠങ്ങളും ലോകത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും രൂപപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ന് എല്ലാവരുടെയും മുന്നില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായി നില്‍ക്കാന്‍ തനിക്ക് സാധിച്ചത് ഇന്ത്യക്കാരായ മാതാവും അവരുടെ പിതാവും കാരണമാണെന്നും കമല ഹാരിസ് പറഞ്ഞു.
തത്വചിന്തയിലൂടെ ലോകത്തിലെ കോടിക്കണക്കിനാളുകളെ സ്വാധീനിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച താനും സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ ഉച്ചഭക്ഷണ വിരുന്നിലാണ് കമല ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് ഇന്ത്യയെന്നും താന്‍ ഇന്ത്യയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നെന്നും കമല പറഞ്ഞു.
‘ഇന്ത്യയിലെ ചരിത്രങ്ങളും ഇന്ത്യ നല്‍കുന്ന പാഠങ്ങളും എന്നെ മാത്രമല്ല സ്വാധീനിച്ചത്. ലോകത്തെ മുഴുവന്‍ രൂപപ്പെടുത്താന്‍ അവയ്ക്ക് സാധിച്ചിട്ടുണ്ട്.
ചരിത്രത്തിലുടനീളം തത്വചിന്തയിലൂടെയും ദൈവശാസ്ത്രത്തിലൂടെയും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയിലൂടെയും ലോകമെമ്പാടുമുള്ള ദശലക്ഷണക്കണക്കിനാളുകളെ സ്വാധീനിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു,’ കമല ഹാരിസ് പറഞ്ഞു.
കുട്ടിയായിരുന്നപ്പോള്‍ നടത്തിയ ഇന്ത്യയിലേക്കുള്ള യാത്രകളെ കുറിച്ചും കമല പറഞ്ഞു.
‘ഞാനും എന്റെ സഹോദരി മായയും ചെറുതായിരുന്നപ്പോള്‍ അമ്മ ഞങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുപോകുമായിരുന്നു. ആ യാത്രക്ക് പല ഉദ്ദേശങ്ങളുണ്ടായിരുന്നു.
അമ്മ എവിടെ നിന്ന് വരുന്നുവെന്ന് മനസിലാക്കുന്നതായിരുന്നു ആ യാത്രകള്‍. ആ സമയത്ത് മുത്തശ്ശന്റെയും മുത്തശ്ശിമാരെയും, അമ്മാവന്‍മാരുടെയും, ബന്ധുക്കളുടെ കൂടെയും സമയം ചെലവഴിക്കാറുണ്ടായിരുന്നു. നല്ല ഇഡ്ഡലിയുടെ സ്‌നേഹമെന്താണെന്ന് ഞാന്‍ അറിഞ്ഞിരുന്നു,’ കമല പറഞ്ഞു.
തന്നെ സ്വാധീനിച്ച ഏറ്റവും പ്രിയപ്പെട്ട മനുഷ്യന്‍ തന്റെ മുത്തശ്ശനാണെന്നും കമല കൂട്ടിച്ചേര്‍ത്തു.
‘അന്നത്തെ മദ്രാസില്‍ അവരെ കാണാന്‍ ഞാന്‍ പോയിരുന്നു. എന്റെ മുത്തച്ഛന്‍ എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആളുകളില്‍ ഒരാളാണ്. അദ്ദേഹത്തിനെന്നെ സ്വാധീനിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഞാനായിരുന്നു പേരക്കുട്ടികളില്‍ മൂത്തയാള്‍. മൂത്തയാള്‍ക്ക് ചില പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ കുടുംബത്തിലെ ആ പദവി ഞാന്‍ പ്രയോജനപ്പെടുത്തി. അദ്ദേഹത്തിന്റെ പേരക്കുട്ടികളില്‍ ഏറ്റവും ഇഷ്ടം ഞങ്ങളോടായിരുന്നു.
ഞങ്ങള്‍ കുട്ടിക്കാലത്ത് അവിടെ പോകുമ്പോള്‍ മുത്തച്ഛന്‍ സിവില്‍ സര്‍വീസ് ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു. എല്ലാ ദിവസവും രാവിലെ വിരമിച്ച സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ദിനചര്യ. ആ വേളയില്‍ അവര്‍ അന്നത്തെ പ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കുമായിരുന്നു.
ആ നടത്തങ്ങളില്‍ അദ്ദേഹത്തിന്റെ കൈപിടിച്ച് ഞാനും കൂടെയുണ്ടായിരുന്നു. അവര്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധയോടെ കേട്ടിരുന്നു.
എന്നാല്‍ ചെറിയ കുട്ടിയായതു കൊണ്ട് തന്നെ അവര്‍ പറഞ്ഞ കാര്യങ്ങളുടെ പ്രാധാന്യം മുഴുവനായും ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാലും സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിന്റെ നായകന്മാരെയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള കഥകള്‍ ഞാന്‍ മനസിലാക്കുകയും അവ ഓര്‍മിച്ച് വെക്കുകയും ചെയ്തു.
അഴിമതിക്കെതിരെ പോരാടുന്നതിനെ കുറിച്ചും തുല്യതയ്ക്ക് വേണ്ടി പോരാടുന്നതിനെക്കുറിച്ചും അവര്‍ സംസാരിക്കുന്നത് ഓര്‍മയുണ്ട്,’ കമല പറഞ്ഞു.
ചെറുപ്പത്തില്‍ മുത്തച്ഛനുമായി നടത്തിയ സംഭാഷണങ്ങള്‍ തന്റെ ചിന്താഗതിയെ സ്വാധീനിച്ചുവെന്നും കമല പറഞ്ഞു.
‘ഈ നടത്തങ്ങളിലൊക്കെയും ജനാധിപത്യം എന്താണെന്ന് മാത്രമല്ല, അത് നിലനിര്‍ത്തേണ്ടതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു തന്നത് എനിക്ക് ഓര്‍മയുണ്ട്. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് എന്നെ ചെറുപ്പത്തില്‍ സ്വാധീനിച്ചത് ഈ പാഠങ്ങളാണ്. ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ എങ്ങനെയാണ് ഈ സംഭാഷണങ്ങളൊക്കെയും എന്നെ സ്വാധീനിച്ചതെന്നും എന്റെ ചിന്തയെ എങ്ങനെയാണ് മാറ്റിയതെന്നും ഞാന്‍ മനസിലാക്കുന്നു.
ഇന്ന് ഞാന്‍ ആരെങ്കിലുമായിട്ടുള്ളതിന്റെ വലിയ ഭാഗമിതാണ്. എന്റെ മുത്തച്ഛനായ പി.വി. ഗോപാലന്റെയും അര്‍പ്പണബോധവും നിശ്ചയദാര്‍ഢ്യവുമുള്ള അദ്ദേഹത്തിന്റെ മകളും എന്റെ അമ്മയുമായ ശ്യാമളയുടെയും കയ്യില്‍ നിന്ന് എനിക്ക് ലഭിച്ച പാഠങ്ങളാണ് എന്നെ ഇന്ന് കാണുന്ന രീതിയിലാക്കിയത്. അമേരിക്കന്‍ വൈസ് പ്രസിഡന്റായി നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ നില്‍ക്കുന്നതിന്റെ കാരണവും ഇതാണ്,’ കമല പറഞ്ഞു.
content hightlights: kamala haris about indian memmory