താനൊരു ഇന്ത്യന്‍ പൗരനാണ്. തന്നെയൊക്കെ പാക്കിസ്ഥാനിലേക്കയച്ചിട്ട് അവര്‍ ഈ രാജ്യത്ത് എന്താണ് ചെയ്യാന്‍ പോകുന്നത്. ഇവര്‍ എത്രപേരെ പാക്കിസ്ഥാനിലേക്ക് അയച്ചുകഴിഞ്ഞുവെന്നും കമല്‍ ചോദിച്ചു.
തിരുവനന്തപുരം: ദേശീയഗാനത്തെ അവഹേളിച്ചതിന് തന്നെ പാക്കിസ്ഥാനിലേക്കയക്കണമെന്ന യുവമോര്‍ച്ചയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍.
താനൊരു ഇന്ത്യന്‍ പൗരനാണ്. തന്നെയൊക്കെ പാക്കിസ്ഥാനിലേക്കയച്ചിട്ട് അവര്‍ ഈ രാജ്യത്ത് എന്താണ് ചെയ്യാന്‍ പോകുന്നത്. ഇവര്‍ എത്രപേരെ പാക്കിസ്ഥാനിലേക്ക് അയച്ചുകഴിഞ്ഞുവെന്നും കമല്‍ ചോദിച്ചു.
താന്‍ ദേശീയ ഗാനത്തെ അവഹേളിച്ചിട്ടില്ല. പൊലീസ് ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്ത രീതിക്കെതിരെ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. തെരുവില്‍, പ്രതിഷേധമായി ചൊല്ലേണ്ടതാണോ ദേശീയഗാനമെന്ന് ഇവര്‍ ചിന്തിക്കണമെന്നും കമല്‍ പറഞ്ഞു.
അവര്‍ തന്നെ ലക്ഷ്യംവച്ചിട്ടുണ്ടോ എന്നറിയില്ല. ഇത്രമാത്രം അവരുടെ ശത്രുവാക്കേണ്ട കാര്യം എന്താണെന്നും തനിക്കറിയില്ല. താന്‍ ദേശീയ ഗാനത്തെ അപമാനിച്ചു എന്ന് പറഞ്ഞിട്ട് അവര്‍ തന്റെ വീടിന്റെ മുന്നില്‍ ദേശീയ ഗാനം പാടുകയാണ്. ദേശീയ ഗാനം അങ്ങിനെ പ്രതിഷേധത്തിന് ഉപയോഗിക്കുന്നത് തനിക്ക് പുതിയ അറിവാണ്. റോഡില്‍ നിന്ന് അനവസരത്തില്‍ പാടുന്നത് ശരിയാണോ എന്നും അറിയില്ല. ആരാണ് ദേശീയ ഗാനത്തോട് അനാദരവ് കാട്ടുന്നത് എന്ന് അവര്‍ ആത്മപരിശോധന നടത്തണം. ദേശീയഗാനവും രാജ്യസ്‌നേഹവും ആരുടെയെങ്കിലും കുത്തകയാണോ എന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ ഐ.എഫ്.എഫ്.കെയിലെ ദേശീയഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കമലിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനവുമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞിരുന്നു. പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡില്‍ ഇരുന്ന് ദേശീയഗാനം പാടി പ്രതിഷേധിക്കുന്നതായി മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്ത്രീകള്‍ ഉള്‍പ്പെടെ അടങ്ങിയ നൂറോളം വരുന്ന സംഘമാണ് കമലിന്റെ വീടിന് മുന്നില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളും ദേശീഗാനവും ചൊല്ലിയെത്തിയത്.