മലയാള സിനിമയില്‍ ഒരു സ്പോര്‍ട്സ് ബയോ പിക്-ആരുടെ ചിന്തയില്‍ പോലും ഒരു കാലത്ത് ഉണ്ടാവാതിരുന്ന ആശയം ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍, അത് വി.പി സത്യനെക്കുറിച്ചാവുമ്പോള്‍ അവിടെ ഒരു കാവ്യ നീതിയുണ്ട്.. സച്ചിന്‍ ടെണ്ടുല്‍ക്കറും മഹേന്ദ്രസിംഗ് ധോണിയും മില്‍ഖാ സിംഗുമെല്ലാം സിനിമാവല്‍ക്കരണത്തിലുടെ കടന്നുപോയത് അവര്‍ വിപണി അറിയുന്ന കായിക താരങ്ങളായത് കൊണ്ടായിരുന്നു. സത്യനെ വിപണിക്ക് അറിയില്ലായിരുന്നു, സത്യന് വിപണിയെയും. ഒരു തരം അന്തര്‍മുഖത്വമായിരുന്നു സത്യന്റെ വിലാസം. എന്നിട്ടും അകാലത്തില്‍ ജീവിതക്കളത്തില്‍ നിന്നും മറഞ്ഞ താരത്തെക്കുറിച്ചൊരു അനുസ്മരണ സിനിമ വരുമ്പോള്‍ ആ സന്തോഷത്തില്‍ കായികതയുണ്ട്…..
കളിക്കളത്തില്‍ കാരിരുമ്പായിരുന്നു സത്യന്‍. പ്രതിയോഗികളെ വരച്ച വരയില്‍ നിര്‍ത്തിയിട്ടുള്ള മന:ക്കരുത്തുള്ള റിയല്‍ ഡിഫന്‍ഡര്‍. അദ്ദേഹം ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ നാകനായപ്പോള്‍ അല്‍ഭുതം തോന്നി കാരണം അധികമാരോടും സംസാരിക്കാത്ത ഒരാളായിരുന്നു സത്യന്‍.
കോഴിക്കോട്ട് വരുമ്പോള്‍ ഫുട്ബോളര്‍മാര്‍ ഞങ്ങള്‍ പത്രക്കാരെ വിളിക്കാറുണ്ട്. പക്ഷേ സത്യന്‍ വിളിക്കില്ല പോയി കണ്ടാല്‍ ചിരിക്കും, സംസാരിക്കും.
ഒരു ദിവസം യു.ഷറഫലി വിളിച്ച് പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. സത്യന്‍ മരിച്ചിരിക്കുന്നു.. സത്യന്‍ വിഷാദ രോഗത്തിനടിമയാണെന്നും ചെന്നൈയിലെ അദ്ദേഹത്തിന്റെ ജീവിത നാളുകള്‍ ക്ലേശകരമാണെന്നും പലരും പറഞ്ഞപ്പോഴും മരണമെന്ന വഴി സത്യന്‍ തെരഞ്ഞെടുക്കുമെന്ന്
കരുതിയില്ല. സത്യന്റെ ഭൗതിക ശരീരം കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ പിന്നെ മേക്കുന്നത്തെ വീട്ടിലേക്ക് കൊണ്ട് പോയപ്പോള്‍ വേദനയോടെ അനുഗമിച്ചു.
അതിനിടെ ഗോസിപ്പുകളിറങ്ങി സത്യനും ഭാര്യ അനിതയും പിണക്കത്തിലായിരുന്നുവെന്ന്. നൂറ് ശതമനാം അവാസ്തവമായ കാര്യങ്ങള്‍. അത് കേട്ട് കരയാനായിരുന്നില്ല അനിത തീരുമാനിച്ചത്-ധൈര്യത്തോടെ കാര്യങ്ങള്‍ പറഞ്ഞു.
അനിതക്ക് പറയാനുള്ളത് കേള്‍ക്കാനാണ് പ്രജേഷ് സെന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ എത്തിയത്. കേട്ടപ്പോള്‍ അത് കേവലം വാര്‍ത്തയല്ലെന്ന് പ്രജേഷിന് തോന്നി. അങ്ങനെയാണ് വെള്ളിത്തിരയുടെ വിസ്മയ ലോകത്തേക്ക് സത്യന്റെ കഥ വരുന്നത്. മലയാളത്തിലെ ആദ്യ സ്പോര്‍ട്സ് ബയോ സിനിമ
സിനിമയില്‍ സത്യനെ അവതരിപ്പിക്കുന്ന ജയസൂര്യ പലവട്ടം ഫോണിലും നേരിട്ടും ചോദിച്ചിരുന്നു പഴയ നായകന്റെ മാനറിസങ്ങളെക്കുറിച്ച്. സത്യനെ അറിയാത്ത ജയസൂര്യക്ക് സത്യനാവാനുള്ള താല്‍പ്പര്യമായിരുന്നു ആ അന്വേഷണങ്ങള്‍. കോഴിക്കോട് ഹോട്ടല്‍ മഹാറാണിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഒരു സായാഹ്നത്തില്‍ സിനിമയിലെ ഒരു വേഷക്കാരനായി ഞാനുമുണ്ടായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റനായ സത്യനെ കോഴിക്കോട്ട് ഫുട്ബോള്‍ ലോകം ആദരിക്കുന്ന രംഗം. സ്വതവേ എല്ലാവരോടും ഹാപ്പിയായി സംസാരിക്കുന്ന പ്രകൃതമാണ് ജയസൂര്യയുടേത്.
ആരെ കണ്ടാലും താര ജാഡകളില്ലാതെ ഇടപെടും. പക്ഷേ ആ രംഗത്തിന്റെ ചിത്രീകരണത്തിനിടെ ജയസൂര്യ എല്ലാവരോടും കയര്‍ക്കുന്നു. അനുമോദനചടങ്ങിന് സാക്ഷ്യം വഹിക്കുന്ന അതിഥികളോട് (എല്ലാവരും എക്സട്രാ നടീ നടന്മാര്‍) സംവിധായകന്‍ പ്രജേഷ് സെന്നും പ്രൊഡക്ഷന്‍ എക്സിക്യുട്ടിവും ഗൗരവതരത്തില്‍ പറഞ്ഞിരുന്നു മൊബൈല്‍ ഫോണ്‍ ഒന്നുങ്കില്‍ സൈലന്‍ഡ് മോഡിലിടിണം, അല്ലെങ്കില്‍ സ്വിച്ച് ഓഫാക്കണമെന്ന്.
പക്ഷേ സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ രണ്ട് വട്ടം ആരുടെയോ ഫോണ്‍ റിംഗ് ചെയ്തു. ജയസൂര്യ ക്ഷുഭിതനായി….. ഈ ക്ഷോഭം അദ്ദേഹം സത്യനായി മാറുന്നതിന്റെ വഴിയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. സത്യന്‍ വിഷാദ രോഗത്തിനടിമപ്പെട്ടപ്പോള്‍ പലപ്പോഴും അദ്ദേഹത്തിന്റെ മുഖ്യഭാവം ക്ഷോഭമായിരുന്നു. ഈ കാര്യം ഏതോ ഒരു വേളയില്‍ ഞാന്‍ ജയസൂര്യയോട് പറഞ്ഞിരുന്നു. ക്ഷോഭം ജനിപ്പിക്കാന്‍ ഒരു നടന്‍ നടത്തുന്ന പരിശീലനങ്ങള്‍ക്ക് സാക്ഷിയായപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് സത്യനാണെന്ന് പോലും തോന്നി.
ഇന്ത്യന്‍ ഫുട്ബോളിലെ സത്യന്‍ കാലത്തിന് സവിശേഷതകളധികമുണ്ടായിരുന്നു.
ദേശീയ ഫുട്ബോളിനെ മലയാളം വാണ കാലമായിരുന്നു അത്. ഷറഫലിയും കുരികേശ് മാത്യുവും പാപ്പച്ചനും വിജയനും ജോ പോളുമെല്ലാം കാല്‍പ്പന്ത് മൈതാനത്തിന്റെ ആവേശമായപ്പോള്‍ അവരുടെ വല്യേട്ടനായിരുന്നു സത്യന്‍. ടീമിലെ ബംഗാളികള്‍ക്കും ഗോവക്കാര്‍ക്കും സത്യന്‍ ഭായി. ടെലിവിഷന്‍ ശൃംഖല ഇത്ര വ്യാപകമായിരുന്നില്ല ആ കാലം. കളിക്കളത്തിലെ ഡിഫന്‍ഡര്‍ കാരിരുമ്പിന്റെ കരുത്തോടെ പന്തിനെയും പ്രതിയോഗികളെയും നിയന്ത്രിക്കുന്നത് ആസ്വദിക്കുന്നതിനേക്കാള്‍ അന്ന് കളിക്കളത്തിലെ ആസ്വാദനമെന്നത് ഗോളുകള്‍ മാത്രമായിരുന്നു. ഗോള്‍വേട്ടക്കാരനെ തേടി ആരാധകവൃന്ദം ഓടിയിരുന്ന കാലത്ത് സത്യന് പരാതികളില്ലായിരുന്നു.
തന്റെ ഫോട്ടോ പത്രങ്ങളില്‍ വരാത്തത്തില്‍ അദ്ദേഹത്തിന് നിരസമുണ്ടായിരുന്നില്ല. പക്ഷേ കളിക്കളത്തിലെ നല്ല കാലത്തിന് ശേഷം പരിശീലക ജീവിതത്തിലേക്ക് കടന്നപ്പോള്‍ സത്യന്‍ വിഷാദനായി. ഒപ്പം കളിച്ചവര്‍ ജോലിയുമായി ഉയരങ്ങളിലേക്ക് പോയപ്പോള്‍ തന്റെ പല തീരുമാനങ്ങളും പിഴച്ചുവോ എന്ന സ്വയം ചോദ്യത്തില്‍ നിന്നും അദ്ദേഹം വീണ്ടും ഉള്‍വലിഞ്ഞു. ആ മടക്കത്തില്‍ നിന്നും പിന്നെ സത്യന്‍ തിരിച്ചുവന്നില്ല.
ഇന്ത്യന്‍ ഫുട്ബോളിന് പിന്നീട് ഇത്തരത്തിലൊരു പ്രതിരോധ ഭടനെ ലഭിച്ചിട്ടില്ല. ഐ.എസ്.എല്‍ വാഴുന്ന ഇ വര്‍ത്തമാന ഫുട്ബോള്‍ കാലത്ത് സത്യന്‍ ഉണ്ടായിരുന്നെങ്കിലും കാര്യമുണ്ടായിരുന്നില്ല. കാരണം സത്യന്‍ ഒരിക്കലും വിപണിയെ അറിയില്ല-കാലത്തിനൊപ്പം സഞ്ചരിക്കാനും അദ്ദേഹം മടിയനായിരുന്നു. ഒന്നുണ്ട്- ഈ സിനിമ സത്യനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന മനോഹരമായ ഒരധ്യായമാണ്. ഇന്ത്യയില്‍ ഇത് വരെ ഒരു ഫുട്ബോളര്‍ക്കും ലഭിച്ചിട്ടില്ലാത്ത പാരിതോഷികം.