അന്ന് ഒരു നായകന് രാവണനെന്ന് പേരിടുമോയെന്ന ചോദ്യമുയര്‍ന്നു; മമ്മൂട്ടി ചിത്രത്തെ കുറിച്ച് കമല്‍
Entertainment
അന്ന് ഒരു നായകന് രാവണനെന്ന് പേരിടുമോയെന്ന ചോദ്യമുയര്‍ന്നു; മമ്മൂട്ടി ചിത്രത്തെ കുറിച്ച് കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th August 2024, 4:58 pm

ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് അഴകിയ രാവണന്‍. മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ഭാനുപ്രിയ, ശ്രീനിവാസന്‍, ഇന്നസെന്റ്, ബിജു മേനോന്‍, രാജന്‍ പി. ദേവ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു. ഇപ്പോള്‍ ആ സിനിമയുടെ പേരിന് പിന്നിലെ രസകരമായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ കമല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ സിനിമക്ക് അഴകിയ രാവണന്‍ എന്ന പേരിട്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് വലിയ കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. കാരണം അന്നത്തെ കാലമായത് കൊണ്ട് ഒരു നായകന് രാവണന്‍ എന്ന പേരിടണോ എന്ന ചോദ്യമുയര്‍ന്നു. ആദ്യം ഞങ്ങളുടെ മനസില്‍ ഉണ്ടായിരുന്നത് അഴകിയ രാവണന്‍ തന്നെയായിരുന്നു.

പിന്നീട് പല പേരുകളും ആലോചിച്ചു. മായപൊന്‍മാന്‍ എന്നൊക്കെ പലരും സജസ്റ്റ് ചെയ്തിരുന്നു. ആ പേര് കൊണ്ടുവരാമെന്ന് അവസാനം തീരുമാനിച്ചതോടെ മാസികകളില്‍ പേര് അടിച്ചുവന്നു. ഇതിനിടയില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് സിദ്ദിഖ് – ലാല്‍ ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുന്നത്.

ഹിറ്റ്‌ലര്‍ എന്ന സിനിമയുടെ ഭാഗമായി മമ്മൂട്ടിയെ കാണാന്‍ വേണ്ടിയായിരുന്നു അവര് വന്നത്. അതിന്റെ കഥ പറയാനോ മറ്റോ ആയിരുന്നു അവര്‍ വന്നതെന്ന് തോന്നുന്നു. അന്ന് മമ്മൂക്കയുമായി സംസാരിക്കുമ്പോള്‍ സിദ്ദിഖ് എന്നോട് സിനിമയുടെ പേര് എന്താണെന്ന് ചോദിച്ചു.

പേരിട്ടിട്ടില്ല, ചില കണ്‍ഫ്യൂഷനിലാണ് എന്ന് ഞങ്ങള്‍ പറഞ്ഞു. ആ കഥാപാത്രത്തെ കുറിച്ചൊക്കെ ഞാന്‍ അവരോട് പറഞ്ഞു. മായപൊന്‍മാന്‍ എന്ന പേര് കേട്ടതും അത് അവരെ ഒട്ടും ഇമ്പ്രസ് ചെയ്യുന്നില്ല എന്നാണ് മറുപടി നല്‍കിയത്. ശ്രീനി ആദ്യം പറഞ്ഞ മറ്റൊരു പേരുണ്ടെന്ന് പറഞ്ഞ് ഞാന്‍ അഴകിയ രാവണന്റെ കാര്യം അവരോട് പറഞ്ഞു.

സിദ്ദിഖ് ഉടനെ ചാടികയറി ആ പേര് നല്ലതാണെന്ന് പറഞ്ഞു. നായകന്‍ മമ്മൂട്ടി ആയത് കൊണ്ട് ആ പേര് പെട്ടെന്ന് ക്യാച്ച് ചെയ്യുമെന്നായിരുന്നു അവര്‍ പറഞ്ഞത്. അത് കേട്ടതും മമ്മൂക്ക എന്റെ നേരെ നോക്കി. അവിടെ വെച്ചാണ് അഴകിയ രാവണന്‍ എന്ന പേര് തീരുമാനിച്ചത്. ചുരുക്കത്തില്‍ ആ പേരിന്റെ പിന്നില്‍ സിദ്ദിഖ് – ലാല്‍ കൂടെയുണ്ട്,’ കമല്‍ പറഞ്ഞു.


Content Highlight: Kamal Talks About Title Of Azhakiya Ravanan Movie And Mammootty