ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അയാള്‍ കഥയെഴുതുകയാണ്. സംവിധായകന്‍ സിദ്ദിഖിന്റെ കഥയെ അടിസ്ഥാനമാക്കിയായിരുന്നു ഈ സിനിമയുടെ തിരക്കഥ ഒരുങ്ങിയത്. ഇതില്‍ സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രമായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. ഈ സിനിമയിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ കമല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടുപേരും വീട്ടില്‍ വന്നപ്പോള്‍ ലത്തീഫിക്ക എന്നോട് സിദ്ദീഖിന്റെ (സംവിധായകന്‍) കൈയ്യില്‍ ഒരു കഥയുണ്ടെന്ന് പറഞ്ഞു. അത് സിദ്ദീഖ് ചെയ്യാന്‍ വേണ്ടി ആലോചിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ ആ കഥ മുഴുവനായിട്ടില്ലെന്നും ഞാന്‍ ചോദിച്ചാല്‍ ചിലപ്പോള്‍ കഥ തരുമെന്നും പറഞ്ഞു. ‘ശ്രീനി എഴുതിയാല്‍ നന്നാകും. പക്ഷെ ശ്രീനി വേറെ ഒരാളുടെ കഥയെടുക്കുമോ’ എന്നായി സംശയം.
കഥ എനിക്ക് അപ്പോള്‍ അറിയില്ലായിരുന്നു. ഞാന്‍ സിദ്ദീഖുമായി സംസാരിക്കാമെന്ന് മറുപടി നല്‍കി. വിന്ധ്യന്‍ അതിന് മുമ്പ് രണ്ട് വരിയില്‍ ആ കഥയെ കുറിച്ച് ചെറിയ ഒരു സംഭവം പറയാമെന്ന് പറഞ്ഞു. അത്രമാത്രമേ അദ്ദേഹത്തിനും അറിയുള്ളൂ, ബാക്കി സിദ്ദീഖിനോട് ചോദിക്കണമെന്നും പറഞ്ഞു. അന്ന് വിന്ധ്യന്‍ എന്നോട് പറഞ്ഞത് പൈങ്കിളി നോവലിസ്റ്റിന്റെ കഥയാണ് എന്നാണ്.
അയാള്‍ ഗള്‍ഫില്‍ പോയി കുറേ പ്രശ്‌നങ്ങളൊക്കെ ഉണ്ടായി തിരിച്ചു വരികയാണ്. ഇതിനിടയില്‍ സുഹൃത്തിനെ കാണാനായി ഒരു സ്ഥലത്തേക്ക് ചെല്ലുകയും അവിടെ വെച്ച് ഒരു പെണ്‍കുട്ടിയെ കാണുകയും ചെയ്യുന്നു. പിന്നാലെ ആ പെണ്ണുമായി വലിയ പ്രശ്‌നമുണ്ടാകും. അയാള്‍ അതോടെ നോവലെഴുതി ആ പെണ്ണിനെ ഹരാസ് ചെയ്യാന്‍ തുടങ്ങി. അങ്ങനെ അയാള്‍ കാണിക്കുന്ന പ്രശ്‌നങ്ങളാണ് ആ സിനിമയെന്ന് വിന്ധ്യന്‍ പറഞ്ഞു.
പൈങ്കിളി നോവലിസ്റ്റായി മോഹന്‍ലാല്‍ അഭിനയിക്കണം എന്നതായിരുന്നു അവരുടെ ആഗ്രഹം. മോഹന്‍ലാലിനോട് സംസാരിച്ചിട്ടുണ്ടോയെന്ന് ഞാന്‍ അവരോട് ചോദിച്ചു. സംസാരിച്ചിട്ടില്ലെന്നും കഥ ഓക്കെയായാല്‍ ലാലിനോട് പറയാമെന്നും അവര്‍ അന്ന് മറുപടി പറഞ്ഞു. പൈങ്കിളി നോവലിസ്‌റ്റെന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായിരുന്നു. സിദ്ദീഖ് ആ കഥാപാത്രത്തിന് ഒരു പേര് ഇട്ടിട്ടുണ്ടെന്നും അത് സാഗര്‍ കോട്ടപ്പുറം എന്നാണെന്നും വിന്ധ്യന്‍ പറഞ്ഞു. ആ പേര് കേട്ടതും ഞാന്‍ അറിയാതെ ചിരിച്ചു പോയി; കമല്‍ പറയുന്നു.
Content Highlight: Kamal Talks About Sagar Kottappuram