ശ്രീനിവാസന്റെ സിനിമകളില്‍ ഇന്നും ഏറെ സ്വീകാര്യതയുള്ള ചിത്രമാണ് പാവം പാവം രാജകുമാരന്‍. ശ്രീനിവാസന്‍ തിരക്കഥയൊരുക്കി കമല്‍ സംവിധാനം ചെയ്ത സിനിമയാണ് ഇത്. 1990ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രീനിവാസന് പുറമെ രേഖ, സിദ്ദിഖ്, ജഗദീഷ്, മണിയന്‍പിള്ള രാജു എന്നിവരും ഒന്നിച്ചിരുന്നു.
മലയാളം ബോക്സ് ഓഫീസില്‍ വലിയ ഹിറ്റായ ചിത്രത്തില്‍ ജയറാം ഒരു അതിഥി വേഷത്തിലെത്തിയിരുന്നു. ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പാവം പാവം രാജകുമാരന്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍.
‘ഞാനും ശ്രീനിവാസനും കൂടെ ആദ്യമായി ഒരുമിച്ച സിനിമയാണ് ‘പാവം പാവം രാജകുമാരന്‍’. 1990ലാണ് ആ സിനിമ റിലീസാകുന്നത്. സത്യത്തില്‍ ആദ്യം വേറെയൊരു കഥയുമായി അതില്‍ അഭിനയിക്കുമോ എന്നറിയാന്‍ വേണ്ടിയായിരുന്നു ഞാന്‍ ശ്രീനിയുടെ അടുത്തേക്ക് ചെന്നത്. ആ കഥ ശ്രീനിയുമായി സംസാരിച്ചപ്പോള്‍ വര്‍ക്ക്ഔട്ടാകുന്നില്ലെന്ന് എനിക്ക് തന്നെ തോന്നി.
അന്ന് ഞങ്ങള്‍ ഒരുമിച്ച് സംസാരിച്ചു വന്നപ്പോള്‍ ശ്രീനി എന്നോട് ‘ഇത് മാറ്റിപിടിക്കാം, വേറെ സബ്ജെക്ട് ആലോചിക്കാം’ എന്ന് പറഞ്ഞു. അന്ന് ശ്രീനി നല്ല തിരക്കുള്ള തിരകഥാകൃത്താണ്. സത്യന്‍ അന്തിക്കാടിന്റെയും സിബിയുടെയുമൊക്കെ കൂടെ വര്‍ക്ക് ചെയ്യുന്ന സമയമാണ്. തുകൊണ്ട് ശ്രീനിക്ക് സമയമുണ്ടോ എന്ന് എനിക്ക് അറിയില്ലായിരുന്നു.
അപ്പോള്‍ ഞാന്‍ നിങ്ങള്‍ തിരക്കഥ എഴുതുമോയെന്ന് ചോദിച്ചു. അന്ന് ശ്രീനി ചിരിച്ചു കൊണ്ട് അതല്ലേ എന്റെ പണി എന്നാണ് തിരിച്ചു ചോദിച്ചത്. അങ്ങനെ സിനിമക്കായി പല കഥകളും ആലോചിച്ചു. ശ്രീനി പ്രധാനവേഷം ചെയ്യുന്നുവെന്ന രീതിയിലാണ് ഞങ്ങള്‍ കഥ ആലോചിച്ചത്. അതിന് പറ്റുന്ന വിഷയങ്ങളെ പറ്റി ഞങ്ങള്‍ സംസാരിച്ചു. എന്നാല്‍ ഒന്നും ശരിയായില്ല. അങ്ങനെയാണ് ഒരു ദിവസം ശ്രീനി തന്റെ സുഹൃത്തിനെ കുറിച്ച് പറയുന്നത്.
അയാള്‍ക്ക് സംഭവിച്ച അമളിയായിരുന്നു അത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ കുറേനാള്‍ പറഞ്ഞു പറ്റിച്ച പ്രണയകഥയാണ് ശ്രീനി പറഞ്ഞത്. ആ വ്യക്തി കണ്ട് ഇഷ്ടമായ പെണ്‍കുട്ടിക്ക് ഇയാളെ തിരിച്ചും ഇഷ്ടമാണ് എന്നുപറഞ്ഞ് സുഹൃത്തുക്കള്‍ ലവ് ലെറ്റര്‍ എഴുതുകയായിരുന്നു. അത് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണ്. അത് ശ്രീനി പറഞ്ഞതോടെ രസകരമായി തോന്നി.
അങ്ങനെ സ്‌ക്രിപ്റ്റ് എഴുതാന്‍ തീരുമാനമായി. തൃശൂരിലിരുന്ന് കഥ എഴുതേണ്ടെന്നെന്നും തീരുമാനിച്ചു. ശ്രീനിക്ക് അപ്പോള്‍ തലശ്ശേരിയിലേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. അന്ന് ശ്രീനി തലശ്ശേരിയിലാണ് സ്ഥിരതാമസം. എനിക്ക് ബുദ്ധിമുട്ടാകില്ലെങ്കില്‍ തലശ്ശേരിയില്‍ പോയി കഥ എഴുതാമെന്ന് ശ്രീനി പറഞ്ഞു. ഞാനാണെങ്കില്‍ സിനിമയുമായി ബന്ധപ്പെട്ട് തലശ്ശേരിയിലോ കണ്ണൂരിലോ പോയിട്ടില്ല. ഞങ്ങള്‍ ഒരുമിച്ച് തലശ്ശേരിയിലേക്ക് പോയി. ഞാന്‍ തലശ്ശേരി ടൗണില്‍ റൂമെടുത്ത് താമസിച്ചു. അങ്ങനെയാണ് ആ സിനിമക്ക് കഥയെഴുതുന്നത്.
ഒടുവില്‍ സിനിമ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. സിനിമയില്‍ ശ്രീനിവാസന്റെ കൂട്ടുകാരായി കൊണ്ടുവന്നത് സിദ്ദിഖ്, ജഗദീഷ്, മണിയന്‍പിള്ള രാജു എന്നിവരെയായിരുന്നു. നായികയായി രേഖയെ കൊണ്ടുവന്നു. ആ സമയത്താണ് എവിടെ ഷൂട്ട് ചെയ്യാമെന്ന് ചിന്തിക്കുന്നത്. കാരണം ആ സിനിമ എവിടെ വേണമെങ്കിലും ഷൂട്ട് ചെയ്യാമായിരുന്നു.
വേണമെങ്കില്‍ തലശ്ശേരിയിലും ഷൂട്ട് ചെയ്യാം. ആദ്യം ശ്രീനി തലശ്ശേരിയില്‍ മാത്രമായി ഷൂട്ട് ചെയ്യാമെന്നായിരുന്നു പറഞ്ഞത്. പിന്നെയത് വേണ്ടെന്ന് തീരുമാനിച്ചു. അവിടെ ഷൂട്ട് ചെയ്താല്‍ ആ കൂട്ടുകാരന്റെ ആളുകള്‍ വന്ന് ചിലപ്പോള്‍ തല്ലുമെന്ന് ശ്രീനി പറഞ്ഞു. പിന്നീട് ഞാനാണ് കൊടുങ്ങല്ലൂരില്‍ ഷൂട്ട് ചെയ്യാമെന്ന് പറയുന്നത്,’ കമല്‍ പറഞ്ഞു.
Content Highlight: Kamal Talks About Pavam Pavam Rajakumaran Movie Location