മോഹന്‍ലാലിനെ നായകനാക്കി 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മിഴിനീര്‍പൂവുകള്‍. ജോണ്‍ പോള്‍ രചന നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്തത് കമല്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു മിഴിനീര്‍പൂവുകള്‍. ഉര്‍വശിയായിരുന്നു സിനിമയില്‍ നായികയായി എത്തിയത്.
ഈ സിനിമയിലേക്ക് താന്‍ സംവിധായകനായി എത്തിയതിനെ കുറിച്ചും മിഴിനീര്‍പൂവുകള്‍ എന്ന പേര് വന്നതിനെ കുറിച്ചും പറയുകയാണ് സംവിധായകന്‍ കമല്‍. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ആദ്യ സിനിമയുടെ പേര് ആലോചിച്ചാല്‍ വലിയ തമാശയാണ്. മിഴിനീര്‍പൂവുകള്‍ എന്നായിരുന്നു പേര്. ജോണ്‍പോളും ഞാനും ചേര്‍ന്നായിരുന്നു ആ സിനിമ ചെയ്തത്. മോഹന്‍ലാല്‍ ആയിരുന്നു അതിലെ നായകന്‍. ആദ്യ സിനിമയുടെ പേര് മിഴിനീര്‍പുവുകള്‍ (ചിരി), കണ്ണീര്‍പൂവുകള്‍ എന്നാണ് അര്‍ത്ഥം.
അങ്ങനെയൊരു പേര് എങ്ങനെ ഞാന്‍ ആദ്യ സിനിമക്ക് ഇടുമെന്ന് നിങ്ങള്‍ക്ക് വേണമെങ്കില്‍ ചോദിക്കാം. അതിന്റെ പ്രൊഡ്യൂസര്‍ ഒരു തമിഴനായിരുന്നു. മലയാളത്തില്‍ ഇരുമ്പഴികള്‍, താളം തെറ്റിയ താരാട്ട് പോലെയുള്ള സിനിമകള്‍ എടുത്ത ആളാണ് അദ്ദേഹം. ഞാന്‍ മിഴിനീര്‍പൂവുകളുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം മരിച്ചു പോയിരുന്നു.
പിന്നെ അയാളുടെ മക്കളാണ് ആ സിനിമ ചെയ്തത്. ഞാന്‍ അച്ഛനുമായി സംസാരിച്ച് ഓക്കെയായിരുന്നത് കൊണ്ടാണ് അവര്‍ എന്നെ തന്നെ സംവിധായകനാക്കിയത്. അല്ലാതെ അവരെന്നെ മുമ്പ് കണ്ടിട്ട് പോലുമുണ്ടായിരുന്നില്ല. ഞാന്‍ ആ സമയത്ത് അസോസിയേറ്റ് ഡയറക്ടറായിരുന്നു.
അന്ന് കോര ചേട്ടന്‍ എന്ന ഒരു കക്ഷി എറണാകുളത്ത് ഉണ്ടായിരുന്നു. നിങ്ങളൊക്കെ കേട്ടിട്ടുണ്ടോയെന്ന് അറിയില്ല. ചില സിനിമകള്‍ക്ക് പേരിടുന്നതും കഥ തീരുമാനിക്കുന്നതും കാസ്റ്റ് തീരുമാനിക്കുന്നതുമൊക്കെ അദ്ദേഹം ചീട്ട് ഇട്ടിട്ടാണ്. അത് സത്യമാണ്. ഈ പ്രൊഡ്യൂസര്‍ കോരയെന്ന കക്ഷിയെ വളരെയേറെ വിശ്വസിക്കുന്ന ഒരാളായിരുന്നു.
ഈ കോര ചേട്ടന്‍ ചീട്ടിട്ടാണ് ഞാന്‍ സംവിധായകനായി ഈ സിനിമയിലേക്ക് വരുന്നത്. അത് പക്ഷെ ഞാന്‍ പിന്നീടാണ് അറിഞ്ഞത് (ചിരി). ഞാന്‍ അന്ന് കോര ചേട്ടനെ കണ്ടിട്ടില്ലായിരുന്നു. അതില്‍ വിശ്വസമുള്ള ആളായിരുന്നില്ല ഞാന്‍. ജോണ്‍പോളാണ് എന്നോട് ഈ കാര്യം പിന്നീട് പറയുന്നത്.
ഞാന്‍ ഉള്‍പ്പെടെ മൂന്ന് അസോസിയേറ്റ് ഡയറക്ടര്‍മാരുടെ പേരുകള്‍ ജോണ്‍പോള്‍ നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെ പ്രൊഡ്യൂസര്‍ കോര ചേട്ടന്റെ അടുത്ത് പോയി ചീട്ടിടുകയും അതില്‍ എന്റെ പേര് വരികയും ചെയ്തു. അങ്ങനെയാണ് ഞാന്‍ ആ സിനിമയിലേക്ക് വരുന്നത് (ചിരി).
ജോണ്‍ പത്തോ പന്ത്രണ്ടോ ടൈറ്റിലുകള്‍ അതിന് എഴുതി കൊടുത്തിരുന്നു. അതും പ്രൊഡ്യൂസര്‍ കോര ചേട്ടനെ കൊണ്ട് ചീട്ട് ഇടീപ്പിക്കുകയായിരുന്നു. അതില്‍ വന്ന പേരായിരുന്നു മിഴിനീര്‍പുവുകള്‍. പ്രൊഡ്യൂസര്‍ മരിച്ചെങ്കിലും പേര് മാറ്റാന്‍ പറ്റില്ലെന്ന് മക്കള്‍ക്ക് നിര്‍ബന്ധമായി. അങ്ങനെയാണ് ആ ടൈറ്റില്‍ വരുന്നത്,’ കമല്‍ പറഞ്ഞു.
Content Highlight: Kamal Talks About Mohanlal’s Mizhineerpoovukal Movie