മലയാളികള്‍ക്ക് ഏറെ പരിചിതമായ ഒരു മോഹന്‍ലാല്‍ കഥാപാത്രമാണ് സാഗര്‍ കോട്ടപ്പുറം. ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലെ കഥാപാത്രമാണ് ഇത്. ആദ്യമായി ഈ കഥാപാത്രത്തിന്റെ പേര് കേട്ടപ്പോള്‍ താന്‍ അറിയാതെ ചിരിച്ചു പോയതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ കമല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു ദിവസം ലത്തീഫിക്കയും (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍) വിന്ധ്യനും എന്റെ വീട്ടില്‍ വന്നു. അന്ന് സിദ്ദിഖിന്റെ (സംവിധായകന്‍) കൈയ്യില്‍ ഒരു കഥയുണ്ടെന്ന് ലത്തീഫിക്ക എന്നോട് പറഞ്ഞു. അത് സിദ്ദീഖ് ചെയ്യാന്‍ വേണ്ടി ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും പക്ഷെ കഥ മുഴുവനായിട്ടില്ലെന്നും പറഞ്ഞു. ഒരുപക്ഷെ ഞാന്‍ ചോദിച്ചാല്‍ ചിലപ്പോള്‍ സിദ്ദിഖ് കഥ തരും എന്നുമായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്.
ശ്രീനി ഈ കഥ എഴുതിയാല്‍ നന്നാകും. പക്ഷെ അയാള്‍ മറ്റൊരാളുടെ കഥയെടുക്കുമോ എന്ന് അവര്‍ക്ക് സംശയം ഉണ്ടായിരുന്നു. ഞാന്‍ എന്തായാലും സിദ്ദിഖുമായി സംസാരിക്കാമെന്ന് അവര്‍ക്ക് മറുപടി നല്‍കി. വിന്ധ്യന്‍ അന്ന് രണ്ട് വരിയില്‍ ആ കഥയെ കുറിച്ച് പറഞ്ഞു തന്നു. പൈങ്കിളി നോവലിസ്റ്റിന്റെ കഥയാണ് എന്നാണ് പറഞ്ഞത്. അയാള്‍ ഗള്‍ഫില്‍ പോയി അവിടെ എന്തോ പ്രശ്നമായി തിരിച്ച് വരികയാണ്.
ഇതിനിടയില്‍ തന്റെ സുഹൃത്തിനെ കാണാനായി അയാള്‍ ഒരിടത്തേക്ക് പോകുകയും അവിടെ വെച്ച് ഒരു പെണ്‍കുട്ടിയെ കാണുകയും ചെയ്യുന്നു. വൈകാതെ ആ കുട്ടിയുമായി ഇയാള്‍ വലിയ പ്രശ്നമുണ്ടാക്കും. നോവലെഴുതി അയാള്‍ ആ പെണ്ണിനെ ഹരാസ് ചെയ്യാന്‍ തുടങ്ങും. അങ്ങനെ അയാള്‍ കാണിക്കുന്ന പ്രശ്നങ്ങളാണ് ആ സിനിമയുടെ കഥയെന്നായിരുന്നു വിന്ധ്യന്‍ പറഞ്ഞത്. അത്രമാത്രമേ അദ്ദേഹത്തിന് ആ കഥയെ കുറിച്ച് അറിയുള്ളൂ, ബാക്കി സിദ്ദിഖിനോട് ചോദിക്കണമെന്നും പറഞ്ഞു.
അവരുടെ ആഗ്രഹം ആ സിനിമയില്‍ പൈങ്കിളി നോവലിസ്റ്റായി മോഹന്‍ലാല്‍ അഭിനയിക്കണം എന്നതായിരുന്നു. മോഹന്‍ലാലിനോട് അതിനെ കുറിച്ച് സംസാരിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ സംസാരിച്ചിട്ടില്ലെന്നായിരുന്നു മറുപടി. പൈങ്കിളി നോവലിസ്റ്റെന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ആ കഥ ഇഷ്ടമായിരുന്നു. അന്ന് സിദ്ദിഖ് ഈ കഥാപാത്രത്തിന് ഒരു പേര് ഇട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. സാഗര്‍ കോട്ടപ്പുറം എന്നാണെന്ന് വിന്ധ്യന്‍ പറഞ്ഞതും ആ പേര് കേട്ട് എന്തോ ഞാന്‍ അറിയാതെ ചിരിച്ചു പോയി; കമല്‍ പറയുന്നു.
Content Highlight: Kamal Talks About Mohanlal’s Character In Ayaal Katha Ezhuthukayaanu