| Monday, 22nd April 2024, 10:41 pm

കമലിന് കോണ്‍ഫിഡന്‍സുണ്ടെങ്കില്‍ ചെയ്യാമെന്ന് മാമുക്കോയ; പിന്നീടെന്നും വിളിച്ച് സിനിമയില്‍ മാറ്റമില്ലല്ലോ എന്ന് ചോദിക്കും: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ചിത്രമാണ് പെരുമഴക്കാലം. കമലിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം ഈ വര്‍ഷത്തോടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. മീര ജാസ്മിന്‍, കാവ്യ മാധവന്‍ തുടങ്ങിയ മികച്ച താരനിര ഒന്നിച്ച ചിത്രത്തിലേക്ക് മാമുക്കോയ എത്തിയതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ കമല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയില്‍ ഏറ്റവും പ്രധാനപെട്ട ഒരു കഥാപാത്രം റസിയയുടെ ഉപ്പയായിരുന്നു. സ്‌ക്രിപ്റ്റ് വര്‍ക്ക് ചെയ്യാനായി ഞാനും റസാഖും കോഴിക്കോട് മഹാറാണി ഹോട്ടലിലാണ് ഇരുന്നത്. ആ കഥാപാത്രത്തിലേക്ക് ഞങ്ങള്‍ക്ക് പെട്ടെന്ന് വന്ന പേര് വേണു ചേട്ടന്റേതായിരുന്നു. വേണു ചേട്ടനായിരുന്നു സാധാരണ അച്ഛന്റെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

എന്നാല്‍ രണ്ടുമൂന്ന് ദിവസം കഴിഞ്ഞാണ് ഞങ്ങള്‍ മറ്റൊരു കാര്യം ആലോചിക്കുന്നത്. കോഴിക്കോട് നടക്കുന്ന കഥയില്‍ കോഴിക്കോടന്‍ ഭാഷ സംസാരിക്കുന്ന ആളുണ്ടെങ്കില്‍ കൂടുതല്‍ നന്നാകില്ലേ. നമുക്ക് എന്തുകൊണ്ട് മാമുക്കോയയെ ആലോചിച്ചു കൂടായെന്ന് ചിന്തിച്ചു.

വേണു ചേട്ടനോട് സിനിമയെ പറ്റി സംസാരിച്ചിരുന്നില്ല. മാമുക്കോയ നല്ല സജഷനുമാണ്. എന്നാല്‍ അദ്ദേഹം അത്രയും സീരിയസായ റോള് ചെയ്യുമോയെന്ന സംശയം റസാഖ് പറഞ്ഞു. മാമുക്കോയ അങ്ങനെ ഒരു റോള് ചെയ്യും, അദ്ദേഹം നല്ല നടനല്ലേ, കോമഡി മാത്രമല്ല സീരിയസായ വേഷവും ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു.

മാമുക്കോയയെ വിളിച്ച് ഞങ്ങള്‍ കോഴിക്കോട് ഉണ്ടെന്ന കാര്യം പറഞ്ഞപ്പോള്‍ രാത്രി അദ്ദേഹം ഞങ്ങളുടെ റൂമിലേക്ക് വന്നു. മാമുക്കോയയോട് കഥ പറഞ്ഞു. റസാഖ് പറഞ്ഞ കഥ കേട്ടതും ‘അല്ല, ഞാന്‍ ഇതില്‍ ഏത് റോളാണ് ചെയ്യേണ്ടത്’ എന്നാണ് അദ്ദേഹം ചോദിച്ചത്.

കഥ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ ‘എന്നോട് കഥയൊന്നും പറയണ്ട, കമലിന്റെയും റസാഖിന്റെയും പടത്തില്‍ ഞാന്‍ കഥ കേള്‍ക്കേണ്ട ആവശ്യമില്ല. ഞാന്‍ വരുന്നു, അഭിനയിക്കുന്നുവെന്നേയുള്ളൂ’ എന്നായിരുന്നു പറഞ്ഞത്.

അതുപോര ഈ കഥ നിങ്ങള്‍ മുഴുവനായും കേള്‍ക്കണം. കഥ കേട്ടിട്ട് ആ കഥാപാത്രത്തെ ചെയ്യാന്‍ പറ്റുമോ എന്ന് നിങ്ങള്‍ പറയണമെന്ന് ഞാന്‍ മറുപടിയും പറയുകയായിരുന്നു. കഥ കേട്ടിട്ട് ഏത് കഥാപാത്രമാണെന്ന് ചോദിച്ചപ്പോള്‍ റസിയയുടെ ഉപ്പയാണെന്ന് പറഞ്ഞു. അത് കേട്ടതും അദ്ദേഹം ആദ്യം ‘അള്ളോ’ എന്നാണ് ആദ്യം പറഞ്ഞത്.

‘കമല്‍ എന്നെ കളിയാക്കുകയാണോ’ എന്നും ചോദിച്ചു. ‘ഞാന്‍ ചെയ്താല്‍ ആളുകള്‍ അത് സീരിയസായി എടുക്കുമോ. തമാശയായി എടുക്കില്ലേ’യെന്നും ചോദിച്ചു. ഞാന്‍ മറുപടിയായി പറഞ്ഞത് ജീവിതത്തില്‍ നിന്ന് ഒരു കഥാപാത്രത്തെ എടുക്കുമ്പോള്‍ അയാള്‍ക്ക് തമാശ വേണോ വേണ്ടയോ എന്ന് നമ്മള്‍ തീരുമാനിക്കുന്നത് അനുസരിച്ചല്ലേ എന്നായിരുന്നു.

കമലിന് കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ ചെയ്യാമെന്ന് മാമുക്കോയ പറഞ്ഞു. മനസ് കൊണ്ട് ആ കഥാപാത്രമാകാന്‍ തയ്യാറായാല്‍ മതിയെന്ന് പറഞ്ഞ് അദ്ദേഹത്തിന് ഞങ്ങള്‍ അങ്ങോട്ട് ധൈര്യം കൊടുക്കുകയാണ് ചെയ്തത്. പിന്നീട് മാമുക്കോയ ദിവസവും ഞങ്ങളെ വിളിച്ച് അതില്‍ മാറ്റം ഒന്നും ഇല്ലല്ലോ എന്ന് വിളിച്ച് ചോദിക്കും. എന്തേയെന്ന് ചോദിക്കുമ്പോള്‍ തനിക്ക് തന്നെ വിശ്വാസം വന്നിട്ടില്ലെന്ന് അദ്ദേഹം പറയും,’ കമല്‍ പറഞ്ഞു.


Content highlight: Kamal Talks About Mamukkoya

We use cookies to give you the best possible experience. Learn more