| Sunday, 18th August 2024, 12:54 pm

മമ്മൂട്ടി പാടിയാല്‍ മോഹന്‍ലാലിന്റെ അത്രയും നന്നാകില്ലെന്ന് പലരും പറഞ്ഞു; എന്നാല്‍ ആ പാട്ടോടെ അത് മാറി: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ചിത്രങ്ങളിലെ പാട്ടുകളില്‍ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ‘വെണ്ണിലാ ചന്ദനക്കിണ്ണം’. 1996ല്‍ കമലിന്റെ സംവിധാനത്തില്‍ എത്തിയ അഴകിയ രാവണന്‍ എന്ന സിനിമയിലെ പാട്ടാണ് ഇത്. ഈ പാട്ടിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറയുകയാണ് സംവിധായകന്‍ കമല്‍.

പലരും മമ്മൂട്ടി പാടി അഭിനയിച്ചാല്‍ നന്നാകില്ലെന്ന് പറയുന്ന സമയമായിരുന്നു ഈ പാട്ട് വന്നതെന്ന് സംവിധായകന്‍ പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍. മമ്മൂട്ടി പാടിയാല്‍ മോഹന്‍ലാല്‍ പാടുന്നത്രയും നന്നാകില്ലെന്ന് ആളുകള്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കായലില്‍ വെച്ച് ഷൂട്ട് ചെയ്യാന്‍ ജനറേറ്റര്‍ കൊണ്ടു പോകാന്‍ പറ്റാത്തതിനാല്‍ വലിയ ടേപ്പ് റെക്കോര്‍ഡറായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ബാറ്ററി ഇടുകയാണ് ചെയ്യുന്നത്. അത് വെച്ച് ഷൂട്ട് ചെയ്യാമെന്നും നോണ്‍ സിങ്ക് ആകാതെ ലിപ്പ് നമുക്ക് കറക്ട് പിടിക്കാമെന്നും ഞാന്‍ പറഞ്ഞു.

പക്ഷെ ടേപ്പ് റെക്കോര്‍ഡറില്‍ പാട്ടിട്ടതും മമ്മൂക്ക ഇത് നോണ്‍ സിങ്കാകുമെന്ന് പറഞ്ഞു. ‘ഞാന്‍ പാടിയാല്‍ ഒരിക്കലും നിങ്ങള്‍ക്ക് സിങ്ക് ചെയ്യാനാവില്ല’ എന്ന് പറഞ്ഞ് മമ്മൂക്ക ബഹളം വെച്ചു. അപ്പോഴും നമുക്ക് ഷൂട്ട് ചെയ്ത് നോക്കാം എന്നായിരുന്നു ഞാന്‍ പറഞ്ഞത്.

‘വേണ്ട, ഇത് അവസാനം നിങ്ങള് വീണ്ടും റീ ഷൂട്ട് ചെയ്യേണ്ടി വരും’ എന്ന് അദ്ദേഹം പറഞ്ഞു. കുഴപ്പമില്ല, നമുക്ക് രണ്ടുമൂന്ന് ടേക്കായിട്ട് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞ് ഞാന്‍ അദ്ദേഹത്തെ സമ്മതിപ്പിച്ചു. പിന്നെ കുറേ ടേക്കുകള്‍ എടുത്ത് വെച്ചു. അങ്ങനെ ടേപ്പ് റെക്കോര്‍ഡര്‍ വെച്ചിട്ടാണ് വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ടെടുത്തത്.

ഇന്നായിരുന്നെങ്കില്‍ എല്ലാവര്‍ക്കും മൊബൈല്‍ വെച്ച് സിങ്ക് ചെയ്ത് എടുക്കാവുന്നതേയുള്ളു. എന്നാല്‍ അന്ന് അങ്ങനെ ആയിരുന്നില്ല. ഡിജിറ്റല്‍ കണക്ഷന്‍ പോലും ഇല്ലാത്ത കാലമല്ലേ. എന്നിട്ടും ആ പാട്ട് എഡിറ്റ് ചെയ്ത് കണ്ടുനോക്കുമ്പോള്‍ കറക്ട് സിങ്കായിരുന്നു. ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല.

മമ്മൂക്ക വളരെ നന്നായി പാടിയിരുന്നു. ആ പാട്ടില്‍ അദ്ദേഹം പാടി അഭിനയിച്ചത് പോലെ തന്നെയായിരുന്നു. പലരും മമ്മൂക്ക പാടി അഭിനയിച്ചാല്‍ നന്നാകില്ല എന്ന് പറയുന്ന സമയമായിരുന്നു അത്. മോഹന്‍ലാല്‍ പാടുന്ന അത്രയും നന്നാകില്ലെന്നും ആളുകള്‍ പറഞ്ഞിരുന്നു.

പക്ഷെ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ട് കണ്ടതും അന്ന് ആളുകള്‍ പറഞ്ഞത് മമ്മൂക്ക പാടി അഭിനയിച്ചത് പോലെയുണ്ട് എന്നായിരുന്നു. അദ്ദേഹം വളരെ മനോഹരമായി പാടി അഭിനയിച്ച സിനിമ അഴകിയ രാവണന്‍ ആണെന്നും ആളുകള്‍ പറഞ്ഞു തുടങ്ങി. സിനിമയുടെ ഡബ്ബിങ്ങിന് വന്ന മമ്മൂക്കയോട് ആ പാട്ടൊന്ന് കാണാന്‍ പറഞ്ഞപ്പോള്‍ ‘അത് നോണ്‍ സിങ്കാകും. എനിക്കൊന്നും കാണണ്ട’ എന്നായിരുന്നു മറുപടി,’ കമല്‍ പറഞ്ഞു.


Content Highlight: Kamal Talks About Mammootty’s Singing And Acting

We use cookies to give you the best possible experience. Learn more