| Wednesday, 26th June 2024, 4:27 pm

ആ അറബിക്ക് മോളിവുഡിന്റെയും ബോളിവുഡിന്റെയും വ്യത്യാസമറിയില്ല; പക്ഷെ മമ്മൂട്ടിയെയും അമിതാഭ് ബച്ചനെയും അറിയാം: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ കമലിന്റെ സിനിമകളില്‍ ഏറെ മികച്ച ഒരു ചിത്രമാണ് 2011ല്‍ പുറത്തിറങ്ങിയ ഗദ്ദാമ. ഗള്‍ഫ് മേഖലയിലെ കുടിയേറ്റക്കാരുടെ കഥയാണ് ചിത്രം പറഞ്ഞത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ കാവ്യയുടെ സ്‌പോണ്‍സറായി അഭിനയിച്ച അറബിയെ കുറിച്ച് പറയുകയാണ് കമല്‍.

‘ഈ സിനിമയില്‍ കുറേ അറബി കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. അതൊരു പ്രശ്‌നമായിരുന്നു. ഒരു അറബി സ്പോണ്‍സറുണ്ട്. കാവ്യയുടെ മുതലാളിയായിരുന്നു അയാള്‍. പിന്നെ ആ വീട്ടില്‍ വേറെയും അറബികളും അറബി സ്ത്രീകളുമുണ്ടായിരുന്നു. ഇവരൊന്നും കൂടാതെ മരുഭൂമിയില്‍ വില്ലന്‍ കഥാപാത്രമായി ഒരു അറബിയുണ്ടായിരുന്നു. പിന്നെയുള്ളത് ഇന്‍ഡോനേഷ്യന്‍ പെണ്‍കുട്ടിയാണ്. ഞങ്ങള്‍ ആദ്യം ഫിലിപ്പെന്‍ പെണ്‍കുട്ടി എന്നായിരുന്നു സ്‌ക്രിപ്റ്റില്‍ എഴുതിയിരുന്നത്. പക്ഷെ അവസാനം കിട്ടിയത് ഇന്‍ഡോനേഷ്യന്‍ പെണ്‍ക്കുട്ടിയെയും.

ഇത്രയും ആളുകള്‍ക്ക് അറിയുന്ന ഭാഷ അറബി മാത്രമാണ്. പിന്നെ അവരുടെ ലോക്കല്‍ ഭാഷയും അറിയാം. അവര്‍ക്ക് പറയാനുള്ള ഡയലോഗുകള്‍ അറബിയില്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. നമ്മള്‍ ആ ഡയലോഗുകള്‍ ഇംഗ്ലീഷിലാണ് എഴുതി കൊടുക്കുക. അവര്‍ അത് പിന്നീട് അറബിയിലേക്ക് മാറ്റുകയായിരുന്നു. അങ്ങനെയുള്ള കുറേ ഏറെ ബുദ്ധിമുട്ടുകള്‍ അന്ന് ഉണ്ടായിരുന്നു. സിനിമയില്‍ കാവ്യയുടെ സ്പോണ്‍സറായി അഭിനയിക്കുന്ന അറബി വളരെ രസികനായ ആളായിരുന്നു. അദ്ദേഹം അവിടെ നാടകത്തിലൊക്കെ അഭിനയിച്ച ആളായിരുന്നു. പിന്നെ ഫുജൈറയിലെ രാജ കുടുംബത്തില്‍ ഉള്ളയാളാണ്. ആള്‍ നല്ല പൈസക്കാരനാണെങ്കിലും സിനിമയോട് വലിയ പാഷനുണ്ടായിരുന്നു.

Also Read: എന്നെ ഗഗനചാരി ചെയ്യാന്‍ പ്രേരിപ്പിച്ചത് ഒരേയൊരു കാര്യമാണ്; ഡിസ്റ്റോപ്പിയന്‍ വേള്‍ഡെന്ന് പറഞ്ഞെങ്കിലും ഒന്നും മനസിലായില്ല: അനാര്‍ക്കലി

അയാള്‍ക്ക് മലയാളത്തില്‍ ആകെ അറിയാവുന്നത് മമ്മൂട്ടിയെ മാത്രമായിരുന്നു. വേറെ ആരെയും അറിയില്ലായിരുന്നു. അതേസമയം അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാനെന്നൊക്കെ പറഞ്ഞാല്‍ വലിയ കാര്യവുമാണ്. അദ്ദേഹത്തിന് മലയാള സിനിമയുടെയും ബോളിവുഡിന്റെയും വ്യത്യാസം അറിയില്ലായിരുന്നു എന്നതാണ് സത്യം. പിന്നെ ഞാന്‍ അമിതാഭ് ബച്ചന്റെ ഫ്രണ്ടാണ് എന്നാണ് അദ്ദേഹത്തിന്റെ വിചാരം. ആ രീതിയിലാണ് പലപ്പോഴും അയാള്‍ എന്നോട് സംസാരിക്കുക. അമിതാഭ് ബച്ചനെ ഒന്ന് വിളിച്ച് ഫോണ്‍ തരുമോയെന്നൊക്ക ചോദിച്ച് ബച്ചന്റെ സിനിമകളെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു,’ കമല്‍ പറഞ്ഞു.


Content Highlight: Kamal Talks About Mammootty And Arabi In Ghaddama Movie

We use cookies to give you the best possible experience. Learn more