കമല്‍ ഒരുക്കിയ മമ്മൂട്ടി ചിത്രങ്ങളില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് അഴകിയ രാവണന്‍. ശ്രീനിവാസന്റെ തിരക്കഥയില്‍ എത്തിയ സിനിമ 1996ലാണ് പുറത്തിറങ്ങിയത്. സംഗീത സംവിധായകന്‍ വിദ്യാസാഗറിന്റെ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും അഴകിയ രാവണനുണ്ട്.
മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട പാട്ടായ ‘വെണ്ണിലാ ചന്ദനക്കിണ്ണം’ ഈ സിനിമയിലേതായിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ചും ‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന പാട്ടിനെ കുറിച്ചും പറയുകയാണ് സംവിധായകന്‍ കമല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ന് ഇന്നത്തെ പോലെ സാങ്കേതികമായിട്ട് എളുപ്പത്തില്‍ ഷൂട്ട് ചെയ്യാന്‍ പറ്റുന്ന സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല നാഗ്ര ഉപയോഗിച്ചാലേ പാടുമ്പോള്‍ കറക്ട് സിങ്ക് ആകുകയുള്ളു. പക്ഷെ ജനറേറ്റര്‍ ഉണ്ടെങ്കിലേ ഈ നാഗ്രയും വര്‍ക്കാകുകയുള്ളു. അല്ലെങ്കില്‍ പിന്നെ പോര്‍ട്ടബിള്‍ ജനറേറ്റര്‍ വേണം. അത് അന്വേഷിച്ചപ്പോള്‍ അവിടെ എവിടെയും കിട്ടിയതുമില്ല.
നാഗ്രയ്ക്ക് പകരം വലിയ ടേപ്പ് റെക്കോര്‍ഡറായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ബാറ്ററി ഇടുകയാണ് ചെയ്യുന്നത്. അത് വെച്ച് ഷൂട്ട് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. നോണ്‍ സിങ്ക് ആകാതെ ലിപ്പ് നമുക്ക് കറക്ട് പിടിക്കാമെന്നും പറഞ്ഞു. പക്ഷെ ടേപ്പ് റെക്കോര്‍ഡറില്‍ പാട്ടിട്ടതും മമ്മൂക്ക ഇത് നോണ്‍ സിങ്കാകുമെന്ന് പറഞ്ഞു.
‘ഞാന്‍ പാടിയാല്‍ ഒരിക്കലും നിങ്ങള്‍ക്ക് സിങ്ക് ചെയ്യാനാവില്ല’ എന്ന് പറഞ്ഞ് മമ്മൂക്ക ബഹളം വെച്ചു. അപ്പോഴും നമുക്ക് ഷൂട്ട് ചെയ്ത് നോക്കാം എന്നായിരുന്നു ഞാന്‍ പറഞ്ഞത്. വേണ്ട, ഇത് അവസാനം നിങ്ങള് വീണ്ടും റീ ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കുഴപ്പമില്ല, നമുക്ക് രണ്ടുമൂന്ന് ടേക്കായിട്ട് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞ് ഞാന്‍ അദ്ദേഹത്തെ സമ്മതിപ്പിച്ചു,’ കമല്‍ പറഞ്ഞു.
Content Highlight: Kamal Talks About Mammootty