സൗദിയിലെ മലയാളിയായ വീട്ടുജോലിക്കാരിയുടെയും ഗള്‍ഫ് മേഖലയിലെ ചില കുടിയേറ്റക്കാരുടെ കഥ പറഞ്ഞ ചിത്രമാണ് ഗദ്ദാമ. 2011ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് കമലായിരുന്നു. കാവ്യ മാധവന്‍ പ്രധാനകഥാപാത്രമായി എത്തിയ ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ ബാന്‍ ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടയിലുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണ് സംവിധായകന്‍ കമല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമക്ക് വേണ്ടി മരുഭൂമിയിലെ സീനുകള്‍ ഷാര്‍ജയിലാണ് ഷൂട്ട് ചെയ്യുന്നത്. അന്ന് അതിന് വേണ്ടി പെര്‍മിഷന്‍ വേണമായിരുന്നു. അബുദാബിയില്‍ നിന്നാണ് പെര്‍മിഷന്‍ എടുക്കേണ്ടത്. എന്നാല്‍ അപ്പോഴാണ് ആരോ അവര്‍ക്ക് ഇത് അറബികള്‍ക്ക് എതിരെയുള്ള സിനിമയാണെന്ന രീതിയിലുള്ള വിവരം നല്‍കുന്നത്. മലയാളികള്‍ തന്നെയാകാം ഇതിന്റെ പിന്നില്‍.
അങ്ങനെ ഞങ്ങളോട് ഷൂട്ടിങ് നിര്‍ത്തിവെച്ച് നാട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് അവരില്‍ നിന്ന് ഒരു ടെലഗ്രാം വന്നു. അതോടെ ആകെ ടെന്‍ഷനിലായി. ഷാര്‍ജയില്‍ സിനിമ ഷൂട്ട് ചെയ്യാനാവില്ലെന്ന് പറഞ്ഞു. ഒരുപാട് റിസ്‌ക്ക് എടുത്താണ് ഞങ്ങള്‍ ആ സീനുകള്‍ ഷൂട്ട് ചെയ്തത്. ചിത്രം റിലീസ് ചെയ്തപ്പോള്‍ ഗള്‍ഫില്‍ പടം ഓടിയില്ല. അവര്‍ ബാന്‍ ചെയ്തു,’ കമല്‍ പറഞ്ഞു.
സിനിമ പുറത്തിറങ്ങിയ സമയത്ത് ഗദ്ദാമയെന്ന വാക്കിന്റെ അര്‍ത്ഥം അന്ന് ആര്‍ക്കും അറിയില്ലായിരുന്നു എന്നും സംവിധായകന്‍ അഭിമുഖത്തില്‍ പറയുന്നു. ഒപ്പം താന്‍ എങ്ങനെയാണ് ഈ കഥയിലേക്ക് എത്തിയതെന്നും കമല്‍ പങ്കുവെച്ചു.
‘ഗദ്ദാമയെന്ന വാക്കിന്റെ അര്‍ത്ഥം അന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇന്ന് അതിന്റെ അര്‍ത്ഥം എല്ലാവര്‍ക്കും അറിയാമെന്ന് തോന്നുന്നു. അറബി നാട്ടിലെ വീട്ടുവേലക്കാരെ വിളിക്കുന്ന പേരാണ് ഗദ്ദാമ. ഈ പേരില്‍ എന്റെ സുഹൃത്ത് കെ.യു. ഇക്ബാല്‍ ലേഖനം എഴുതിയിട്ടുണ്ട്.
റിയാദിലെ മലയാളം ന്യൂസ് എന്ന പത്രത്തിലെ ബ്യൂറോ ചീഫായിരുന്നു അദ്ദേഹം. ഇക്ബാല്‍ പ്രവാസജീവിതവുമായി ബന്ധപ്പെട്ട് ഒരുപാട് ലേഖനങ്ങള്‍ എഴുതിയിരുന്നു. ഭാഷാപോഷിണിയില്‍ ആയിരുന്നു ഗദ്ദാമ എന്ന പേരിലുള്ള ലേഖനം എഴുതിയത്.
ഒരുപാട് ആളുകളുടെ അനുഭവകുറിപ്പായിരുന്നു അത്. ഈ ലേഖനം ഞാന്‍ വായിക്കുന്നതിലൂടെയാണ് സിനിമക്കുള്ള ആശയം എനിക്ക് ലഭിക്കുന്നത്. മണലാരണ്യത്തില്‍ ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ജോലി ചെയ്യുന്നവരെ കുറിച്ച് ഇക്ബാല്‍ എഴുതിയ ഇടയവിലാപങ്ങള്‍ എന്ന ലേഖനവും ഉണ്ടായിരുന്നു. ഈ രണ്ട് ലേഖനങ്ങള്‍ കൂട്ടിചേര്‍ത്താണ് ഞങ്ങള്‍ ഗദ്ദാമയെന്ന സിനിമയുണ്ടാക്കുന്നത്,’ കമല്‍ പറഞ്ഞു.
Content Highlight: Kamal Talks About Khaddama Movie