അന്ന് ജയറാമെന്തൊരു വെറുപ്പിക്കലാണെന്ന് ഞാന്‍ പറഞ്ഞു; അവന് ആ റോള്‍ കൊടുക്കാത്തത് നന്നായെന്ന് തോന്നി: കമല്‍
Entertainment
അന്ന് ജയറാമെന്തൊരു വെറുപ്പിക്കലാണെന്ന് ഞാന്‍ പറഞ്ഞു; അവന് ആ റോള്‍ കൊടുക്കാത്തത് നന്നായെന്ന് തോന്നി: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th July 2024, 10:18 pm

ഫാസിലിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍. 1988ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ രേവതിയും അംബികയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കമലിന്റെ മൂന്നാമത്തെ ചിത്രമാണ് ഇത്.

സിനിമയിലെ കാവിന് വേണ്ടി ലൊക്കേഷന്‍ അന്വേഷിച്ചു പോയതിനെ കുറിച്ചും അവിടെ വെച്ച് ജയറാമിനെ കണ്ടതിനെ കുറിച്ചുമൊക്കെ പറയുകയാണ് സംവിധായകന്‍ കമല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ മൂന്നാമത്തെ സിനിമയാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍. ആ സിനിമയില്‍ കാണിക്കുന്ന കാവ് പന്തളത്തിനടുത്തുള്ള ചാമക്കാവ് എന്ന സ്ഥലത്തായിരുന്നു. അതുപോലെ ഒരു ലൊക്കേഷന്‍ കിട്ടാന്‍ വേണ്ടി ഞങ്ങള്‍ അന്ന് ഒരുപാട് അലഞ്ഞിരുന്നു.

ഒരുപാട് പടികളൊക്കെ കയറി പോവുന്ന കാവായിരുന്നു സിനിമക്ക് വേണ്ടിയിരുന്നത്. അത്തരത്തിലുള്ള കാവ് വളരെ കുറവായിരുന്നു. ലൊക്കേഷന്‍ തേടി ഞാനും നിര്‍മാതാവ് ഔസേപ്പച്ചനും യാത്ര നടത്തി. ആദ്യം ഞങ്ങള്‍ പോയത് മലബാര്‍ ഭാഗത്തായിരുന്നു. എന്നാല്‍ കുറേ കാവുകള്‍ കണ്ടെങ്കിലും ഒന്നും ഞങ്ങള്‍ക്ക് ഓക്കെയായില്ല.

അതോടെ ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ഭാഗത്ത് നോക്കാമെന്ന് തീരുമാനിച്ച് ഷൊര്‍ണൂര്‍ ടി.ബി ലോഡ്ജില്‍ എത്തിയ ഞങ്ങള്‍ അവിടെ റൂമെടുത്തു. പിറ്റേന്ന് രാവിലെ ഇറങ്ങാന്‍ നേരത്താണ് എം.ടി. സാര്‍ അവിടെ ഒരു മുറിയില്‍ ഉണ്ടെന്ന് അറിയുന്നത്.

അദ്ദേഹത്തെ പോയി കണ്ട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എം.ടി സാറാണ് പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ക്കാവെന്ന ഒരു കാവുണ്ട് എന്ന് പറയുന്നത്. അവിടെ നേരിട്ട് പോയി കണ്ടുനോക്കാന്‍ അദ്ദേഹം സജസ്റ്റ് ചെയ്തു. അങ്ങനെ ഞാനും ഫാസിലും പെരുമ്പാവൂര്‍ ജങ്ഷനില്‍ എത്തി.

വഴിയറിയാതെ അവിടെ നില്‍ക്കുമ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ അടുത്ത് വന്ന് ഫാസിലിനോട് സംസാരിക്കുന്നത്. ‘സാറിന് എന്നെ അറിയുമോ. ഞാന്‍ കലാഭവനില്‍ ഉള്ളതാണ്. പേര് ജയറാം. സിദ്ദിഖ് – ലാലിന്റെ കൂടെ മിമിക്രി കളിച്ചിട്ടുണ്ട്’ എന്ന് പറഞ്ഞു. പിന്നെ ഞങ്ങളോട് കാര്യം എന്താണെന്ന് തിരക്കി.

ഇരിങ്ങോള്‍ കാവിലേക്ക് പോവാനുള്ള വഴി ചോദിച്ചപ്പോള്‍ ജയറാം ഞങ്ങളോടൊപ്പം കാറില്‍ കയറി. കാവിലെത്തുന്നത് വരെ ജയറാം സംസാരിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഫാസിലിനോട് എന്തൊരു വെറുപ്പിക്കലാണ് ഇയാളെന്ന് പറഞ്ഞു.

കാവിലെത്തി ഞങ്ങള്‍ ആ കാവ് കണ്ടു. പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടില്ല. ജയറാം ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ച് ചായയൊക്കെ തന്നു. ഇറങ്ങാന്‍ നേരത്ത് സിനിമയില്‍ എന്തെങ്കിലും ചാന്‍സുണ്ടോ എന്ന് ചോദിച്ചു. നോക്കാമെന്ന് പറഞ്ഞ് ഞങ്ങള്‍ അവിടുന്ന് ഇറങ്ങി.

ആ സിനിമയില്‍ ഒരു ചെറിയ റോള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിലേക്ക് ജയറാമിനെ പരിഗണിക്കാന്‍ ഞാന്‍ പോയപ്പോള്‍ ഫാസില്‍ ആ റോള്‍ അപ്പ ഹാജിക്ക് കൊടുക്കാമെന്ന് തീരുമാനിച്ച കാര്യം പറഞ്ഞു.

ജയറാമിന് ആ റോള്‍ കൊടുക്കാത്തത് നന്നായെന്ന് എനിക്ക് തോന്നി. രണ്ട് മാസം കഴിഞ്ഞ് പദ്മരാജന്‍ അപരനിലേക്ക് ജയറാമിനെ കാസ്റ്റ് ചെയ്തു. അത് ജയറാമിന് ഭാഗ്യമായി. ഇത് ഞാന്‍ ജയറാമിനെ കാണുമ്പോള്‍ പറയാറുണ്ട്,’ കമല്‍ പറഞ്ഞു.


Content Highlight: Kamal Talks About Jayaram