തന്റെ ഗദ്ദാമയെന്ന സിനിമ താന്‍ ആടുജീവിതത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ആരോ ബെന്യാമിനെ തെറ്റിദ്ധരിപ്പിച്ചതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ കമല്‍. എന്നാല്‍ കെ.യു. ഇക്ബാല്‍ എഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കിയാണ് താന്‍ ആ സിനിമ എടുത്തതെന്നാണ് അദ്ദേഹം പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍.
‘കെ.യു. ഇക്ബാല്‍ എഴുതിയ ഗദ്ദാമ, ഇടയവിലാപങ്ങള്‍ എന്നീ ലേഖനങ്ങളെ വെച്ചാണ് ഞാന്‍ ഗദ്ദാമ എന്ന സിനിമ തുടങ്ങുന്നത്. ഇത് ഷൂട്ട് ചെയ്യുന്ന സമയത്താണ് ബെന്യാമിന്റെ ആടുജീവിതം നോവല്‍ വളരെ പോപ്പുലറാകുന്നത്.
ഇതിനിടയില്‍ ആരോ ബെന്യാമിനോട് ഇതിന് ആടുജീവിതവുമായി ബന്ധമുണ്ടെന്ന് പറഞ്ഞു. ഞാന്‍ ആ നോവലില്‍ നിന്ന് അടിച്ചു മാറ്റിയെന്നോ മറ്റോ പറഞ്ഞ് അയാള്‍ ബെന്യാമിനെ തെറ്റിദ്ധരിപ്പിച്ചു. അതോടെ ബെന്യാമിന്‍ ഇക്ബാലുമായി ബന്ധപ്പെട്ടു. അദ്ദേഹം ഇക്ബാലിന്റെ ലേഖനങ്ങള്‍ വായിച്ചിരുന്നു.
അതുകൊണ്ട് ബെന്യാമിന് കാര്യം മനസിലായി. നമ്മള്‍ ഇടയവിലാപത്തില്‍ നിന്ന് എടുത്ത കഥയാണെന്നും ആടുജീവിതത്തില്‍ നിന്നുള്ള ഒരു സീന്‍ പോലും ഇതില്‍ ഇല്ലെന്ന് ബെന്യാമിന്‍ മനസിലാക്കി,’ കമല്‍ പറഞ്ഞു.
കാവ്യ മാധവന്‍ പ്രധാനകഥാപാത്രമായി എത്തിയ ഗദ്ദാമയില്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ഒന്നിച്ചിരുന്നു. ഇരുവരുടെയും ഈ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തിലുള്ള ആളുകളായിരുന്നു എന്നും കമല്‍ അഭിമുഖത്തില്‍ പറയുന്നു.
‘ഇടയവിലാപത്തില്‍ റിയല്‍ ലൈഫിലുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. ഗള്‍ഫില്‍ ഒരുപാട് ആളുകള്‍ക്ക് സഹായം ചെയ്തുകൊടുക്കുന്ന ആളാണ് അത്. ജയിലില്‍ ആയ ആളുകളെയൊക്കെ പുറത്തിറങ്ങാന്‍ സഹായിക്കുന്നതും മറ്റും ആ വ്യക്തിയാണ്. അദ്ദേഹത്തില്‍ നിന്നാണ് സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രമുണ്ടാകുന്നത്.
പിന്നെ ഒരു ലേഖനത്തില്‍ ആടിനെ മേയ്ക്കുന്ന ആളെ കുറിച്ച് പറയുണ്ടായിരുന്നു. അതില്‍ നിന്നാണ് ഷൈന്‍ ടോം ചാക്കോ ചെയ്ത ബഷീര്‍ എന്ന കഥാപാത്രത്തെ ലഭിക്കുന്നത്. അതും യഥാര്‍ത്ഥത്തിലുള്ള ഒരാളായിരുന്നു. ആ മനുഷ്യന്‍ മരിച്ചു പോയി. ഇങ്ങനെയുള്ള കുറേ പശ്ചാത്തലത്തില്‍ നിന്നാണ് ഗദ്ദാമയുടെ കഥയുണ്ടാകുന്നത്,’ കമല്‍ പറഞ്ഞു.
Content Highlight: Kamal Talks About Benyamin And Khaddama Movie