| Saturday, 11th May 2024, 10:56 pm

ആ അറബി ഞാന്‍ അമിതാഭ് ബച്ചന്റെ ഫ്രണ്ടാണെന്ന് കരുതി; ബച്ചനെ വിളിച്ച് ഫോണ്‍ തരുമോയെന്ന് ചോദിച്ചു: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗദിയിലെ മലയാളിയായ വീട്ടുജോലിക്കാരിയുടെയും ഗള്‍ഫ് മേഖലയിലെ ചില കുടിയേറ്റക്കാരുടെ കഥ പറഞ്ഞ ചിത്രമാണ് ഗദ്ദാമ. 2011ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് കമലായിരുന്നു. ഈ സിനിമയില്‍ അഭിനയിച്ച ഒരു അറബിയെ കുറിച്ച് പറയുകയാണ് കമല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘ഈ സിനിമയില്‍ ഒരു പ്രശ്‌നം വന്നത്, ഇതില്‍ കുറേ അറബി കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ്. ഒരു സ്‌പോണ്‍സറുണ്ട്, കാവ്യയുടെ മുതലാളിയാണ് അയാള്‍. പിന്നെ ആ വീട്ടില്‍ വേറെയും അറബികളും അറബി സ്ത്രീകളുമുണ്ട്.

ഇതൊന്നും കൂടാതെ മരുഭൂമിയില്‍ വില്ലന്‍ കഥാപാത്രമായി ഒരാളുണ്ട്. പിന്നെ ഇന്‍ഡോനേഷ്യന്‍ പെണ്‍കുട്ടിയുമുണ്ട്. ആദ്യം ഫിലിപ്പെന്‍ പെണ്‍കുട്ടിയെന്ന രീതിയിലാണ് സ്‌ക്രിപ്റ്റില്‍ എഴുതിയിരുന്നത്. പിന്നെ കിട്ടിയത് ഇന്‍ഡോനേഷ്യന്‍ പെണ്‍ക്കുട്ടിയെയായിരുന്നു.

അവര്‍ക്കൊക്കെ അറബി മാത്രമാണ് അറിയുന്നത്, പിന്നെ അവരുടെ ലോക്കല്‍ ഭാഷയാണ്. അവര്‍ക്കുള്ള ഡയലോഗുകള്‍ അറബിയില്‍ തന്നെയായിരുന്നു. എന്നാല്‍ നമ്മള്‍ ഇത് ഇംഗ്ലീഷില്‍ എഴുതി, അവരത് അറബിയിലേക്ക് മാറ്റണം. അങ്ങനെ കുറേ ടാസ്‌ക്കുകള്‍ ഉണ്ടായിരുന്നു.

സിനിമയില്‍ സ്‌പോണ്‍സറായി അഭിനയിക്കുന്ന ആള്‍ വളരെ രസികനായ ആളായിരുന്നു. അദ്ദേഹം അവിടെ നാടകത്തിലൊക്കെ അഭിനയിച്ച ആളാണ്. ഫുജൈറയിലെ റോയല്‍ ഫാമിലിയില്‍ ഉള്ളയാളാണ്. നല്ല പൈസക്കാരനാണ്. എന്നാല്‍ സിനിമയോട് വളരെ പാഷനുള്ള വ്യക്തിയാണ്.

ആള്‍ക്ക് ആകെ അറിയാവുന്നത് മമ്മൂട്ടിയെ മാത്രമായിരുന്നു. വേറെ ആരെയും അറിയില്ലായിരുന്നു. അതേസമയം അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നൊക്കെ പറഞ്ഞാല്‍ ആള്‍ക്ക് വലിയ കാര്യമാണ്. അദ്ദേഹത്തിന് മലയാള സിനിമയുടെയും ബോളിവുഡിന്റെയും വ്യത്യാസം അറിയില്ലായിരുന്നു.

അദ്ദേഹത്തിന്റെ വിചാരം ഞാന്‍ അമിതാഭ് ബച്ചന്റെ ഫ്രണ്ടാണ് എന്നാണ്. ആ രീതിയിലാണ് എന്നോട് സംസാരിക്കുക. അമിതാഭ് ബച്ചനെ ഒന്ന് വിളിച്ച് ഫോണ്‍ തരുമോ എന്നൊക്ക ചോദിച്ച് ബച്ചന്റെ സിനിമകളെ കുറിച്ചൊക്കെ സംസാരിക്കും,’ കമല്‍ പറഞ്ഞു.


Content Highlight: Kamal Talks About An Arab Actor In Khaddama Movie

We use cookies to give you the best possible experience. Learn more