മലയാളത്തിൽ വലിയ വിജയമായ ചിത്രമായിരുന്നു നിറം.
മലയാളത്തിൽ വലിയ വിജയമായ ചിത്രമായിരുന്നു നിറം.
കുഞ്ചാക്കോ ബോബൻ ശാലിനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത ചിത്രം ക്യാമ്പസ് പ്രണയ ചിത്രമായിരുന്നു. യുവജനങ്ങൾക്കിടയിൽ തരംഗമായ സിനിമ കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.
ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. ചിത്രത്തിലെ ഗാനങ്ങൾ തീരുമാനിക്കുമ്പോൾ ജയചന്ദ്രനെ കൊണ്ട് എല്ലാ ഗാനങ്ങളും പാടിക്കാനായിരുന്നു വിദ്യാസാഗറിന്റെ ആഗ്രഹമെന്ന് പറയുകയാണ് കമൽ. എന്നാൽ ആ സമയത്ത് കാസറ്റുകൾ വിറ്റ് പോവണമെങ്കിൽ യേശുദാസ് പാടണമായിരുന്നുവെന്നും കമൽ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിറം സിനിമയുടെ ചർച്ചകൾ നടക്കുമ്പോൾ വിദ്യാസാഗറിനെ സംഗീത സംവിധായകനായി തീരുമാനിച്ചു. വിദ്യാസാഗറിനോട് ഞാൻ ആദ്യം പറഞ്ഞത് ഒരു കാര്യമായിരുന്നു. ജയേട്ടന്റെ ഒരു പാട്ട് വേണമെന്ന്.
ആ കാര്യത്തിൽ വിദ്യാസാഗറിനും വലിയ താത്പര്യമായിരുന്നു. സത്യം പറഞ്ഞാൽ എന്നോട് വിദ്യാസാഗർ പറഞ്ഞത് നിറത്തിലെ എല്ലാപാട്ടുകൾ ജയേട്ടനെ കൊണ്ട് പാടിപ്പിക്കണമെന്നായിരുന്നു.
ദാസേട്ടനോട് ഇഷ്ടക്കുറവ് ഉണ്ടായിട്ടല്ല, എന്തോ അറിയില്ല ജയേട്ടന്റെ ശബ്‌ദത്തോടായിരുന്നു വിദ്യാസാഗറിന് താത്പര്യം കൂടുതൽ. അത് സംസാരത്തിൽ എനിക്ക് തോന്നുകയും ചെയ്തു.
ജയേട്ടനെ കൊണ്ട് എന്തായാലും ഒരു രണ്ട് പാട്ട് പാടിപ്പിക്കണമെന്ന് വിദ്യാസാഗർ പറഞ്ഞു. പക്ഷെ അന്ന് കാസറ്റ് വിറ്റ് പോവണമെങ്കിൽ ദാസേട്ടൻ പാടണമായിരുന്നു. കാസറ്റുകൾ നല്ല വിലയിൽ വിറ്റുപോവുന്ന സമയമായിരുന്നു അത്, കമൽ പറയുന്നു.
ചിത്രത്തിലെ ‘പ്രായം തമ്മിൽ മോഹം നൽകി’യെന്ന പാട്ട് വലിയ ഹിറ്റായെന്നും പാട്ടിലൂടെ ജയചന്ദ്രന് അവാർഡ് കിട്ടിയെന്നും കമൽ കൂട്ടിച്ചേർത്തു.
‘ആ പാട്ടും ജയേട്ടന്റെ സൗണ്ട് കേട്ടപ്പോൾ ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി. ജയേട്ടൻ വളരെ കൂളായിട്ട് പാടുകയും ചെയ്തു. ആ പാട്ട് വലിയ ഹിറ്റായി. മറ്റ് ഗാനങ്ങളെക്കാൾ വലിയ ഹിറ്റായത് ആ പാട്ടായിരുന്നു. ആ വർഷം ജയേട്ടന് ബെസ്റ്റ് ഗായകനുള്ള അവാർഡ് കിട്ടി ,’കമൽ പറയുന്നു.
Content Highlight: Kamal Talk About Vidhyasagar And Yesudas