മലയാളത്തിൽ വലിയ വിജയമായ ചിത്രമായിരുന്നു നിറം.
കുഞ്ചാക്കോ ബോബൻ, ശാലിനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി കമൽ സംവിധാനം ചെയ്ത ക്യാമ്പസ് പ്രണയ ചിത്രമായിരുന്നു നിറം. യുവജനങ്ങൾക്കിടയിൽ തരംഗമായ സിനിമ കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.
ചിത്രം പല ഭാഷകളിലേക്ക് പിന്നീട് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ ഹിറ്റായിരുന്നു. മലയാളികൾ ഇന്നും ഏറ്റുപാടുന്ന ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയത് വിദ്യാസാഗറായിരുന്നു.
ചിത്രത്തിലെ ‘പ്രായം തമ്മിൽ മോഹം നൽകി’ എന്ന പാട്ട് വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലും ആ പാട്ട് ഉണ്ടായിരുന്നുവെന്നും അത് ജയചന്ദ്രൻ തന്നെയാണ് ആലപിച്ചതെന്നും കമൽ പറയുന്നു. ജയചന്ദ്രന്റെ ഒരു ഗംഭീര തിരിച്ചുവരവായിരുന്നു ആ പാട്ടെന്നും സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞു.
‘ആ പാട്ടും ജയേട്ടന്റെ സൗണ്ട് കേട്ടപ്പോൾ ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി. ജയേട്ടൻ വളരെ കൂളായിട്ട് പാടുകയും ചെയ്തു. ആ പാട്ട് വലിയ ഹിറ്റായി. മറ്റ് ഗാനങ്ങളെക്കാൾ വലിയ ഹിറ്റായത് ആ പാട്ടായിരുന്നു. ജയേട്ടന് ബെസ്റ്റ് ഗായകനുള്ള അവാർഡ് കിട്ടി ആ വർഷം.
കുറേ വർഷത്തിന് ശേഷമായിരുന്നു ജയേട്ടന് അവാർഡ് കിട്ടുന്നത്. ഇതേ പടം തന്നെ പിന്നെ തെലുങ്കിലും റീമേക്ക് ചെയ്തു.
നുവേ കാവലി എന്ന പേരിൽ നിറം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോൾ വലിയ വിജയമായിരുന്നു. അതിന്റെ പ്രൊഡ്യൂസർക്ക് ഒരേയൊരു നിർബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ പാട്ട് അതുപോലെ തന്നെ വേണമെന്ന്.
അതിനുവേണ്ടി വിദ്യാസാഗറിന്റെ അടുത്ത് നിന്ന് റൈറ്റ്സ് വാങ്ങിച്ചു. അതിന്റെ മ്യൂസിക് ഡയറക്ടർ മരതകമുനി ആയിരുന്നു. റാമോജി ഫിലിം സിറ്റിയായിരുന്നു അതിന്റെ നിർമാതാകൾ. അവർ വലിയ കമ്പനിയാണ്. അങ്ങനെ വിദ്യാസാഗറിന്റെ അടുത്ത് നിന്ന് പാട്ട് വാങ്ങിച്ചു.
അന്ന് എസ്. പി. ബാലസുബ്രമണ്യമൊക്കെ ഉള്ള കാലമാണ്. അദ്ദേഹത്തെ കൊണ്ടെല്ലാം പാടിക്കാവുന്നതേയുള്ളൂ.
പക്ഷെ മരതകമുനി പറഞ്ഞു ജയേട്ടൻ തന്നെ പാടിയാൽ മതിയെന്ന്. അങ്ങനെ തെലുങ്കിലും ജയേട്ടൻ തന്നെ പാടി. അവിടെയും ആ പാട്ട് വലിയ ഹിറ്റായി. ആ പാട്ട് ജയേട്ടന്റെ ഒരു ഗംഭീര തിരിച്ചുവരവിന് കാരണമായി കമൽ പറയുന്നു.
Content Highlight: Kamal Talk About Prayam Thammil Moham Nalki Song