ആദ്യ ദിവസങ്ങളിൽ നല്ല കളക്ഷൻ നേടി, ലാലിന്റെ വേഷം അത്തരത്തിലായത് കാരണം ചിത്രം ഹിറ്റായില്ല: കമൽ
Entertainment
ആദ്യ ദിവസങ്ങളിൽ നല്ല കളക്ഷൻ നേടി, ലാലിന്റെ വേഷം അത്തരത്തിലായത് കാരണം ചിത്രം ഹിറ്റായില്ല: കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th January 2024, 4:42 pm

മലയാള സിനിമയിൽ കാലങ്ങളായി നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് കമൽ. വ്യത്യസ്തമായ ഒരുപാട് സിനിമകൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

1986ൽ മോഹൻലാൽ നായകനായ മിഴിനീർ പൂവുകൾ എന്ന സിനിമയാണ് കമൽ ആദ്യമായി സംവിധാനം ചെയ്തത്. മോഹൻലാൽ ഒരു നെഗറ്റീവ് കഥാപാത്രമായിട്ടായിരുന്നു ചിത്രത്തിൽ എത്തിയത്. സൂപ്പർസ്റ്റാറായി വളർന്നുകൊണ്ടിരിക്കുന്ന സമയത്താണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചത്.

ചിത്രം തിയേറ്ററിൽ എത്തിയ ദിവസത്തെ അനുഭവം പങ്കുവെക്കുകയാണ് കമൽ. ആദ്യ ദിവസം ഒരുപാട് പ്രേക്ഷകർ സിനിമ കാണാൻ എത്തിയെന്നും എന്നാൽ മോഹൻലാൽ നെഗറ്റീവ് കഥാപാത്രമായതുകൊണ്ട് തങ്ങൾ വിചാരിച്ച പോലെ സിനിമ ഹിറ്റായില്ലെന്നും കമൽ പറയുന്നു. ആദ്യ ദിവസങ്ങളിൽ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിന് കഴിഞ്ഞെന്നും കമൽ പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ തിയേറ്ററിൽ എത്തുമ്പോഴേക്കും ടൈറ്റിൽസ് തുടങ്ങി കഴിഞ്ഞു. ഞാൻ ഡോർ തുറന്ന് അകത്ത് കയറിയപ്പോൾ എന്റെ പേര് സ്‌ക്രീനിൽ വരുന്നതാണ് ഞാൻ കണ്ടത്. അത് വലിയൊരു സന്തോഷം ഉണ്ടാവുന്ന കാര്യമാണ്.

അങ്ങനെ ഫുൾ ക്രൗഡിന്റെ കൂടെയിരുന്ന് സിനിമ കണ്ടു. ആളുകൾ ഭയങ്കര ബഹളം ഒക്കെയായിരുന്നു. ആദ്യത്തെ ഒരു രണ്ട് മൂന്ന് ദിവസം നല്ല കളക്ഷനൊക്കെ ആയിരുന്നു. മോഹൻലാൽ നെഗറ്റീവ് കഥാപാത്രം ചെയ്തത് കൊണ്ടായിരിക്കും ആ ചിത്രം നമ്മൾ വിചാരിച്ച അത്ര ഹിറ്റായില്ല. പക്ഷെ എങ്കിൽ പോലും നിർമാതാക്കളും വിതരണക്കാരുമെല്ലാം ഹാപ്പി ആയിരുന്നു.

എന്നെ സംബന്ധിച്ച്, ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് നല്ല പേര് കിട്ടിയ സിനിമയായിരുന്നു അത്. ഒരു തുടക്കകാരൻ എന്ന രീതിയിൽ ഒരു സംവിധായകന്റെ സ്കിൽ ആ ചിത്രത്തിലുണ്ടെന്ന് അഭിപ്രായങ്ങൾ വന്നിരുന്നു. ആദ്യത്തെ ഷോട്ട് ഞാൻ മോഹൻലാലിന്റെ മുഖത്ത് ക്യാമറ വെച്ച് എടുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. അത് വലിയൊരു അനുഭവമാണ്.

കാരണം പിന്നീട് ഞാനും ലാലും കൂടെ ഒരുപാട് സിനിമകൾ ചെയ്തു. ലാലിനെ പോലെ ഇന്ത്യൻ സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടന്മാരിൽ ഒരാളെ വെച്ച് ആദ്യത്തെ സിനിമ ചെയ്യാൻ കഴിഞ്ഞു എന്നത് ഒരു മഹാഭാഗ്യമാണ്,’കമൽ പറയുന്നു.

Content Highlight: Kamal Talk About MizhineerPoovukal Movie  First Day Experience