ആ സമയത്തും നൂറ് ശതമാനം നെഗറ്റീവായിട്ടുള്ള റോൾ ചെയ്യാൻ ലാൽ തയ്യാറായി: കമൽ
Entertainment
ആ സമയത്തും നൂറ് ശതമാനം നെഗറ്റീവായിട്ടുള്ള റോൾ ചെയ്യാൻ ലാൽ തയ്യാറായി: കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd March 2024, 10:24 pm

മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ മിഴിനീർ പൂക്കൾ എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് കമൽ.

മോഹൻലാൽ സൂപ്പർ താരപദവിയിലേക്ക് വളർന്നു വരുന്ന സമയത്താണ് മിഴുനീർപൂക്കൾ സംഭവിക്കുന്നത്. മോഹൻലാൽ വില്ലൻ വേഷത്തിൽ എത്തിയ ചിത്രമായിരുന്നു മിഴിനീർപൂക്കൾ.

എന്നാൽ മോഹൻലാലിനെ സംബന്ധിച്ച് ആ കഥാപാത്രം ഒരു പ്രശ്നമേ അല്ലായിരുന്നുവെന്നും അത് തന്നെയാണ് ആ സിനിമയുടെ പ്രത്യേകതയുമെന്നും കമൽ പറയുന്നു. മോഹൻലാൽ പല ഴോണറിലുള്ള സിനിമകൾ ചെയ്തിരുന്ന സമയമായിരുന്നു അതെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞു.

‘മിഴിനീർ പൂക്കളാണ് എന്റെ ആദ്യത്തെ സിനിമ. 1986ലാണ് ആ സിനിമ സംഭവിക്കുന്നത്. ശ്രീ സായി പ്രൊഡക്ഷൻസ് നിർമിച്ച ആ സിനിമയിൽ മോഹൻലാൽ, ഉർവശി, ലിസി, നെടുമുടി വേണു, തിലകൻ, ഇന്നസെന്റ് തുടങ്ങിയ വലിയൊരു താരനിര തന്നെ ഉണ്ടായിരുന്നു.

സത്യത്തിൽ മോഹൻലാൽ സൂപ്പർ നായകനായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ വന്ന ഒരു സിനിമയാണ് മിഴിനീർ പൂക്കൾ. അതിന്റെ ഒരു തുടക്കകാലഘട്ടമാണ്. രാജാവിന്റെ മകൻ പോലുള്ള സിനിമകളും അതേ വർഷം തന്നെയാണ് വരുന്നത്.

ലാലിന്റെ പല ഴോണറിൽ പെട്ട ഒരുപാട് സിനിമകൾ വരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. അതിന് മുമ്പ് ശോഭരാജ് പോലുള്ള ആക്ഷൻ ബേസ്ഡ് സിനിമയും, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്,. ടി. പി. ബാലഗോപാലൻ എം. എ അങ്ങനെയുള്ള ലൈറ്ററായിട്ടുള്ള സിനിമകളും എന്നാൽ വ്യത്യസ്ത വേഷങ്ങളും ലാൽ ചെയ്തിരുന്നു.

വളരെ പോസിറ്റീവ് ആയിട്ടുള്ള കഥാപാത്രങ്ങൾ ലാൽ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന കാലത്താണ് മിഴിനീർ പൂക്കളിൽ നൂറ് ശതമാനം നെഗറ്റീവായിട്ടുള്ള കഥാപാത്രം ലാൽ അവതരിപ്പിച്ചത്. അതായിരുന്നു ആ സിനിമയുടെ ഒരു പ്രത്യേകതയും.

പൊതുവെ നായകൻമാരൊക്കെ, പ്രത്യേകിച്ച് ഒരു സൂപ്പർ താരമായി കൊണ്ടിരിക്കുന്ന ഹീറോ ഒരു നെഗറ്റീവ് വേഷം ചെയ്യുന്നത് കുറവായിരുന്നു. മോഹൻലാലിനെ സംബന്ധിച്ച് അത് പ്രശ്നമായിരുന്നില്ല. അതായിരുന്നു ആ സിനിമയുടെ പ്രത്യേകതയും,’കമൽ പറയുന്നു.

Content Highlight: Kamal Talk About Mizhineerpoovukal Movie And Mohanlal