| Saturday, 10th February 2024, 10:37 am

ജയറാം പാർവതി പ്രണയത്തിന് വിത്ത് പാകിയത് എന്റെ ആ ചിത്രമാണ്: കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമലിന്റെ സംവിധാനത്തിൽ ഇറങ്ങിയ മലയാളത്തിലെ ഒരു എവർഗ്രീൻ ചിത്രമാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ.

ജയറാം, പാർവതി, ജഗതി, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്നസെന്റ്, കെ.പി.എ.സി ലളിത തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രത്തിൽ മോഹൻലാലും ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു. ജയറാമും പാർവതിയും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത് ഈ ചിത്രത്തിലൂടെയാണെന്ന് കമൽ പറയുന്നു.

ചിത്രത്തിലെ ഒരു പാട്ട് സീൻ എടുക്കുമ്പോൾ തനിക്ക് ഇരുവരും തമ്മിൽ ഒരു ഇഷ്ടമുണ്ടെന്ന് തോന്നിയെന്നും ഞാനത് ചോദിച്ചപ്പോൾ ജയറാം ചിരിച്ചൊന്നും കമൽ പറയുന്നു.

പിന്നീട് പ്രാദേശിക വാർത്തകൾ എന്ന ചിത്രത്തിൽ ജയറാമും പാർവതിയും വീണ്ടും ഒന്നിച്ചപ്പോഴാണ് അവരുടെ പ്രണയം പൂവണിഞ്ഞതെന്നും കമൽ പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു കമൽ.

‘ജയറാമിന്റെ ജീവിതത്തിലേക്ക് ജയറാമിന്റെ ജീവിത സഖി കടന്ന് വന്ന ആദ്യത്തെ വിത്ത് പാകിയതും പെരുവെണ്ണപുരത്തെ വിശേഷങ്ങൾ എന്ന സിനിമയാണ്. അതിന്റെ ലൊക്കേഷനിൽ വെച്ചാണ് ജയറാമും പാർവതിയും പ്രണയം തുടങ്ങുന്നതും ഈ പ്രണയം ഞങ്ങൾ കണ്ടുപിടിക്കുന്നതും.

ചിത്രത്തിലെ ഒരു പാട്ട് സീൻ എടുത്ത് കൊണ്ടിരിക്കുന്നതിനിടയിൽ എനിക്ക് ചെറിയൊരു തോന്നൽ ഉണ്ടായിരുന്നു ഇവർ തമ്മിൽ ചെറിയ അടുപ്പമുണ്ടോയെന്ന്. സാധാരണ പെരുമാറുന്ന പോലെയല്ലല്ലോ എന്ന് എനിക്ക് തോന്നിയിരുന്നു. ഷൂട്ട്‌ കഴിഞ്ഞ് ഞാൻ ജയറാമിനോട് അതിനെ കുറിച്ച് ചോദിച്ചപ്പോൾ ജയറാം ഒന്ന് ചിരിച്ചു. വേറെയൊന്നും പറഞ്ഞില്ല.

പിന്നെ അടുത്ത പടം വന്ന് കഴിഞ്ഞപ്പോഴാണ് ജയറാം പറയുന്നത്. അതിന് ശേഷം രണ്ട് പേരും ഒന്നിച്ച് അഭിനയിച്ച ചിത്രമായിരുന്നു പ്രാദേശിക വാർത്തകൾ. അതിന്റെ ലൊക്കേഷനിൽ വെച്ച് ഇവരുടെ പ്രണയം കൂടുതൽ പുഷ്പിച്ചു. ആ സമയത്താണ് ജയറാം എന്നോട് കാര്യം തുറന്ന് പറയുന്നത്.

അതുകൊണ്ട് തന്നെ പെരുവെണ്ണപുരത്തെ വിശേഷങ്ങൾ ജയറാമിനെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട സിനിമയാണ്. എന്നെ സംബന്ധിച്ച് അത് വരെയുള്ള കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ആ ചിത്രം,’കമൽ പറയുന്നു.

Content Highlight: Kamal Talk About Love Story Of Jayaram And Parvathy

We use cookies to give you the best possible experience. Learn more